തിരുവനന്തപുരം : ഉയർന്ന ഇന്ധനവിലയും ഹരിതവാതകങ്ങളും ജനങ്ങളെ കൂടുതലായി ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇലക്‌ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ചും ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങൾ കൂടുതൽ ഹ്രസ്വദൂര യാത്രകൾക്കാണ് ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രകളിൽ ചാർജ് തികയുമോ എന്ന ആശങ്കയും ചാർജ് ചെയ്യാനുള്ള സൗകര്യങ്ങളുടെ അപര്യാപ്‌തതയുമാണ് ഇതിന് പ്രധാന കാരണം. വൈദ്യുതി ചാർജ് വർധനവെന്ന ഭീഷണിയും ഇതിനൊപ്പം പ്രതിസന്ധിയായുണ്ട്.
എന്നാല്‍ ഈ പ്രയാസങ്ങള്‍ക്കെല്ലാം പരിഹാരമേകുന്നതാണ് സോളാര്‍ പോര്‍ട്ടബിള്‍ ചാര്‍ജിങ് യൂണിറ്റ്. തിരുവനന്തപുരം സ്വദേശി സുജിത് എന്ന യുവ സംരംഭകന്‍റെ സി.യു.പവര്‍ ടെക്‌നോളജീസാണ് ഇത്തരമൊരു ചാര്‍ജിങ് സംവിധാനത്തിന്‍റെ നിർമാണത്തിന് പിന്നിൽ. പൂര്‍ണമായും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. പോർട്ടബിൾ ആയ തരത്തിലാണ് ഇതിന്‍റെ രൂപകൽപന എന്നതിനാൽ ചാർജിങ് സംവിധാനം എവിടേക്കും എത്തിക്കാനും കഴിയും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് പ്രശ്‌നങ്ങൾക്ക് പരിഹാരം ; സോളാര്‍ പോര്‍ട്ടബിള്‍ ചാര്‍ജിങ് യൂണിറ്റ് അവതരിപ്പിച്ച് യുവസംരംഭകൻ Also Read: പൊള്ളുന്ന പാചകവാതക വിലയ്ക്ക് ബദൽ ; സ്‌മാർട്ട് സോളാർ സ്റ്റൗ വികസിപ്പിച്ച് എൻഐടി കോഴിക്കോട്
60,000 രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന സോളാർ ചാർജിങ് യൂണിറ്റിൽ നിന്നും നാല് വാഹനങ്ങൾ ഒരേസമയം ചാർജ് ചെയ്യാൻ കഴിയും. നിലവിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കും ഓട്ടോറിക്ഷകൾക്കും മാത്രം ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സംവിധാനം തയാറാക്കിയിട്ടുള്ളത്. ചാർജിങ് യൂണിറ്റിൽ ഉപയോഗിച്ചിരിക്കുന്ന സോളാർ പാനലിന്‍റെയും ഇൻവെർട്ടറിന്‍റെയും ശേഷി കൂട്ടിയാൽ കാറുകളും ചാർജ് ചെയ്യാൻ കഴിയുമെന്ന് സുജിത് പറയുന്നു.
സോളാറില്‍ നിന്നുള്ള പവര്‍ നേരിട്ട് ഉപയോഗിച്ചും ബാറ്ററിയില്‍ സ്റ്റോറായ പവര്‍ ഉപയോഗിച്ചും ചാര്‍ജിങ് സാധ്യമാണ്. സുരക്ഷാക്യാമറയും ലൈറ്റും ഒപ്പം ചാര്‍ജിങ് സമയം ആസ്വാദ്യമാക്കാന്‍ മ്യൂസിക് സിസ്റ്റവും ചാർജിങ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ക്യാമറയും സ്ട്രീറ്റ് ലൈറ്റും ഒപ്പം ചാർജിങ്ങും എന്ന വിവിധോദ്ദേശ പദ്ധതിയാണ് പുതിയ പ്രൊജക്‌ടിലൂടെ ഇവർ മുന്നോട്ടുവയ്ക്കുന്നത്.
ഓഫിസിലോ ഇലക്ട്രിക് ഓട്ടോ സ്റ്റാന്‍ഡിലോ ഇത്തരത്തില്‍ യൂണിറ്റ് സ്ഥാപിച്ചാല്‍ വളരെ കുറഞ്ഞ നിരക്കിൽ ചാര്‍ജിങ് സാധ്യമാവുമെന്ന് സുജിത് പറയുന്നു.