തിരുവനന്തപുരം:ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണത്തിനാണ് വ്യാഴാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌തമായ ദൃശ്യ വിരുന്നൊരുക്കിയാണ് ഈ ഗ്രഹണ ദിനം കടന്നുപോയത്. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ ചെറുക്കുക എന്നതിനാണ് ഈ വർഷം വിവിധ ശാസ്‌ത്ര സംഘടനകൾ പ്രാധാന്യം നൽകിയത്.
വിസ്‌മയമായി നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം ആയിരങ്ങളാണ് വലയ സൂര്യഗ്രഹണം വീക്ഷിക്കാൻ തലസ്ഥാനത്തെത്തിയത്. കേരള ശാസ്‌ത്ര സാങ്കേതിക മ്യൂസിയവും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും ചേർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഭാഗികമായാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള ദൃശ്യങ്ങൾ പ്രത്യേകം സജ്ജമാക്കിയ സ്ക്രീനിലൂടെ തൽസമയം പൊതുജനങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ കാണാൻ സൗകര്യമൊരുക്കിയിരുന്നു. തിരുവനന്തപുരത്തു നിന്നുള്ള തത്സമയ ദൃശ്യങ്ങൾ കാണുന്നതിന് പ്രത്യേകം ടെലിസ്കോപ്പുകളും സജ്ജമാക്കിയിരുന്നു. സൂര്യഗ്രഹണം വീക്ഷിക്കാനും വൻ തിരക്കായിരുന്നു. 9.45നാണ് പൂർണ സൂര്യഗ്രഹണം തലസ്ഥാനത്ത് ദൃശ്യമായത്. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന അന്ധ വിശ്വാസമകറ്റാൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘാടകർ പായസവിതരണം നടത്തി.
ആകാശ വിസ്‌മയമൊരുക്കിയ വലയ സൂര്യഗ്രഹണം ഭാഗികമായാണ് കൊച്ചിയിൽ ദൃശ്യമായത്. രാവിലെ 8 മണിക്ക് ശേഷം ദൃശ്യമായ സൂര്യഗ്രഹണം പതിനൊന്ന് മണിവരെ നീണ്ടു നിന്നു. എന്നാൽ സൂര്യന്‍റെ 90 ശതമാനവും ചന്ദ്രന്‍റെ നിഴലിൽ മറഞ്ഞ് വലയ സൂര്യഗ്രഹണം ദൃശ്യമായത് മിനിറ്റുകൾ മാത്രമാണ്. നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സോളാർ ഫിൽറ്ററുകൾ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്ക്രീനുകൾ മുഖേനയുമാണ് ആളുകൾ ഗ്രഹണം വീക്ഷിച്ചത്. കൊച്ചിയിൽ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, ശാസ്‌ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഗ്രഹണം കാണാൻ സൗകര്യമൊരുക്കിയിരുന്നു.എറണാകുളം ദർബാർ ഹാൾ മൈതാനിയിൽ ഒരുക്കിയ കേന്ദ്രത്തിൽ ഗ്രഹണം വീക്ഷിക്കാൻ സ്‌ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിയാളുകളാണെത്തിയത്. പ്രതീക്ഷിച്ച രീതിയിൽ ഗ്രഹണം ദൃശ്യമായെന്നും ജനങ്ങൾക്ക് ശാസ്‌ത്രാവബോധം സൃഷ്‌ടിക്കാൻ വലയ സൂര്യഗ്രഹണം കാരണമായെന്നും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി അംഗം ഹരീഷ് കുമാർ പറഞ്ഞു. ഗ്രഹണം വീക്ഷിക്കാനൊരുക്കിയ കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണവും സംഘടിപ്പിച്ചിരുന്നു. അടുത്ത സൂര്യഗ്രഹണം 2031ൽ ദൃശ്യമാവുമ്പോൾ കോട്ടയം, എറണാകുളം ജില്ലകളിലായിരിക്കും ഏറ്റവും കൂടുതൽ ദൃശ്യമാവുക.
നൂറ്റാണ്ടിലെ അപൂർവ ആകാശ വിസ്മയ കാഴ്ചയെ ആഘോഷമാക്കി കണ്ണൂരിലെ ജില്ലാ ഭരണകൂടവും ജനകീയ കൂട്ടായ്മകളും. ആകാശ കാഴ്ച കാണുവാൻ കണ്ണൂർ ടൗൺ സ്ക്വയറിൽ ജില്ലാ ഭരണകൂടം വിവിധ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി. രാവിലെ 8 മണി മുതലാണ് വലയ സൂര്യഗ്രഹണം ആരംഭിച്ചത്. 9.20ഓടെ വലയം പൂർണമായി ദൃശ്യമായി. ഗ്രഹണം വീക്ഷിക്കാൻ രാവിലെ മുതൽ കുട്ടികളും നാട്ടുകാരുമുൾപ്പടെ നൂറു കണക്കിനാളുകളാണ് കണ്ണൂർ ടൗൺ സ്ക്വയറിലെത്തിയത്. ദൃശ്യം വീക്ഷിക്കാൻ സാങ്കേതിക സംവിധാനങ്ങളുൾപ്പെടെ വിവിധ സജീകരങ്ങളും ജില്ലാ ഭരണ കൂടം ഒരുക്കിയിരുന്നു. ദൃശ്യം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാതിരിക്കാൻ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സോളാർ കണ്ണടകളും വിതരണം ചെയ്‌തു.
മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻപിൽ നിരവധി പേരാണ് സൂര്യഗ്രഹണം കാണാൻ എത്തിയത്. രാവിലെ 9.27നാണ് പൂർണ ഗ്രഹണം കാണാന്‍ സാധിച്ചത്. ജില്ലയിൽ ഏകദേശം പതിനായിരം പേർക്ക് ഗ്രഹണം കാണാൻ ഉള്ള സൗകര്യം ശാസ്‌ത്ര സാഹിത്യപരിഷത്ത് ഒരുക്കിയിരുന്നു. ഗ്രഹണസമയത്ത് മുഹിദീൻ മസ്ജിദില്‍ പ്രത്യേക പ്രാർഥനയുണ്ടായിരുന്നു. വലയസൂര്യഗ്രഹണം കാണാൻ നിലമ്പൂർ എൻ എസ് എസ് സ്കൂളിലും പ്രത്യേക സംവിധാനമൊരുക്കി. മൂവായിരത്തോളം പേരാണ് ഇവിടം സൂര്യഗ്രഹണം കാണാനെത്തിയത്. ശാസ്ത്രസാഹിത്യ പരിഷത്ത്, ചക്കാലക്കുത്ത് മന്നം സ്മാരക എൻ.എസ് എസ്, ഹയർ സെക്കണ്ടറി സ്കൂൾ, മലപ്പുറം അസ്ട്രോണേഴ്സ്, മാർസ് എന്നീ സംഘടനകൾ ചേർന്നാണ് രാവിലെ 8 മണി മുതൽ വലയസൂര്യഗ്രഹണം കാണാൻ അവസരം ഒരുക്കിയത്.
തൃശ്ശൂര്‍ ചാലക്കുടി പനമ്പിള്ളി കോളജ് മൈതാനിയിൽ വലയ സൂര്യഗ്രഹണത്തിന്‍റെ വിസ്മയ കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. സയൻസ് മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ബാക്ക് പ്രൊജക്റ്റ് സംവിധാനമുള്ള ടെലസ്കോപ്പിലൂടെയും, പ്ലാസ്റ്റിക് കസേരകളുടെ സഹായത്തോടെയും മെടഞ്ഞ ഓലകൾക്കിടയിലൂടെയും ടീ.വി സ്‌ക്രീനുകളിലൂടെയും ദൃശ്യങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരുന്നു. കൂടാതെ നേരിട്ട് കാണുന്നതിനുള്ള പ്രത്യേക ഫിലിം കൊണ്ടുള്ള കണ്ണട സൗകര്യവും ആളുകൾ ഉപയോഗിച്ചു. സയൻസ് മ്യൂസിയം അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. റെജി ജോൺ അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും പാടില്ലെന്നും ശാസ്‌ത്രമാണ് ഇതെന്നും സൂര്യഗ്രഹണം കാണാൻ എത്തിയവർക്ക് വിശദീകരിച്ചു. കുട്ടികളും മുതിർന്നവരും അടക്കം നിരവധിയാളുകളാണ് നൂറ്റാണ്ടിലെ അത്ഭുത കാഴ്ചകൾ കുളിർക്കെ കണ്ടത്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയായിരുന്നു ഗ്രഹണം. തൃശ്ശൂര്‍ ജില്ലയില്‍ തേക്കിൻകാട് മെെതാനം അടക്കമുള്ള നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലും രാമവർമപുരം വിജ്ഞാൻ സാഗറിലും പൊലീസ് അക്കാദമി, കുന്നംകുളം, വടക്കാഞ്ചേരി വ്യാസ കോളേജ് എന്നിവിടങ്ങളിലെല്ലാം നൂറ്റാണ്ടിലെ വിസ്മയം കാണാൻ ആയിരങ്ങളാണ് എത്തിയത്.
കൊല്ലത്ത് ഭാഗികമായാണ് വലയ സൂര്യഗ്രഹണം ദ്യശ്യമായതെങ്കിലും പതിറ്റാണ്ടുകൾക്കിടെ വിരുന്നെത്തുന്ന ഗ്രഹണ കാഴ്ചയെ ആവേശത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും സ്വീകരിച്ചത്. വിപുലമായ സജ്ജീകരങ്ങളാണ് വിവിധ വിദ്യാലയങ്ങളിൽ ഒരിക്കിയിരുന്നത്. തലവൂർ ദേവീ വിലാസം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾക്ക് സപ്തദിന സഹവാസ ക്യാമ്പ് നടക്കുന്ന തലവൂർ സർക്കാർ യു.പി സ്കൂളിൽ സൗകര്യമൊരുക്കിയിരുന്നു. ഇവിടുത്തെ വിദ്യാർത്ഥികൾ നിർമ്മിച്ച കണ്ണടയിലൂടെ അധ്യാപികരും രക്ഷിതാക്കളും വിവിധ ഗ്രഹണ കാഴ്ചകൾ കണ്ടു.