തിരുവനന്തപുരം :ആലിന്‍കായ് പഴുക്കുമ്പോള്‍ കാക്കയ്‌ക്ക് വായില്‍ പുണ്ണ് എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് കോണ്‍ഗ്രസിനെ (Congress) സംബന്ധിച്ച് സോളാര്‍ ലൈംഗിക പരാതിയിലെ (Solar Sexual Allegation) ഗൂഢാലോചന സംബന്ധിച്ച സിബിഐയുടെ കണ്ടെത്തല്‍. സോളാര്‍ ലൈംഗിക പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ (Oommen Chandy) പരാതിക്കാരിയും അന്നത്തെ സിപിഎം നേതൃത്വവും ഇടപെട്ട് ഗൂഢാലോചന നടന്നുവെന്ന സിബിഐ (CBI) കണ്ടെത്തല്‍ പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ വ്യക്തതയില്ല (Solar Case Findings Congress In Trouble.
ഇതുസംബന്ധിച്ച് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുദ്ദേശിച്ച് സെപ്‌റ്റംബര്‍ 11ന് ഷാഫി പറമ്പില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചയ്ക്ക് സിപിഎമ്മും ഭരണപക്ഷവും തയ്യാറായതോടെ കോണ്‍ഗ്രസിന്‍റെ പദ്ധതി പൊളിക്കുകയായിരുന്നു. മാത്രമല്ല, വീണ്ടും സോളാര്‍ ലൈംഗിക ആരോപണ വിഷയമുയര്‍ത്തി ആദരണീയനായ ഉമ്മന്‍ ചാണ്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കമെന്നും ഇതിന് പിന്നില്‍ അദ്ദേഹത്തിന്‍റെ പഴയ ശത്രുക്കളാണെന്നും സിപിഎം തിരിച്ചടിച്ചു.
ബ്രഹ്മാസ്‌ത്രം പ്രയോഗിക്കാനാവാതെ :സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷം എഴുതിത്തന്നാല്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അടിമുടി ആശയക്കുഴപ്പമായി. പരാതി എഴുതിക്കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വ്യക്തമായ ഉത്തരമുണ്ടായില്ല. സിബിഐയുടെ ഗൂഢാലോചന സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ചൊവ്വാഴ്‌ച (12.09.2023) കെപിസിസി മുന്നോട്ടുവച്ചെങ്കിലും അന്വേഷണം ആവശ്യമില്ല, വേണ്ടത് നടപടിയാണെന്ന് പിറ്റേ ദിവസത്തെ യുഡിഎഫ് യോഗം തിരുത്തി.
സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് തീരുമാനിച്ച കെപിസിസി യോഗത്തിലുണ്ടായിരുന്ന വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് പിറ്റേ ദിവസത്തെ യുഡിഎഫ് യോഗത്തിനെത്തിയപ്പോള്‍ വേണ്ടത് അന്വേഷണമല്ല, നടപടിയാണെന്ന വിചിത്ര വാദമുന്നയിച്ചതെന്നതില്‍ നിന്നുതന്നെ അന്വേഷണ കാര്യത്തില്‍ കോണ്‍ഗ്രസ് ഇരുളിലാണെന്നതിന്‍റെ സൂചന വ്യക്തമാണ്. ബുധനാഴ്‌ചത്തെ യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ എം എം ഹസനാകട്ടെ ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്ന് തെളിയിക്കുന്ന നിലയിലായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
നേതാക്കള്‍ തന്നെ പലതട്ടില്‍ :സോളാറിലെ സിബിഐ കണ്ടെത്തലില്‍ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യപ്രതിയായ മുഖ്യമന്ത്രിയോട് അന്വഷണം ആവശ്യപ്പെട്ട് കത്തുനല്‍കില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തുള്ള അന്വേഷണം ഇക്കാര്യത്തില്‍ സ്വീകാര്യമല്ല. അങ്ങനെയെങ്കില്‍ സിബിഐ അന്വേഷണത്തിന് ആര് മുന്‍കൈ എടുക്കുമെന്ന ചോദ്യത്തിന് നിയമ വിദഗ്‌ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമായി സതീശന്‍. അതല്ലെങ്കില്‍ ലൈംഗിക പീഡനപരാതിയിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോണ്‍ഗ്രസ് കക്ഷിയാകുമെന്നുമറിയിച്ചു.
മനസിലാക്കി നീങ്ങാന്‍ മുന്നണികള്‍ :എന്തുതന്നെയായാലും വേണ്ടത് സിബിഐ അന്വേഷണമാണെന്നായിരുന്നു വി.ഡി സതീശന്‍റെ നിലപാട്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോടതിയെ സമീപിച്ച് സിബിഐയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് കൊണ്ടുവരുന്നത് കോണ്‍ഗ്രസ്- ബിജെപി ബാന്ധവമായി സിപിഎം ചിത്രീകരിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നു. ഇത് മനസില്‍വച്ച് തന്നെയായിരുന്നു വെള്ളിയാഴ്‌ച (15.09.2023) മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. ഇനി എന്തുവേണമെന്ന് നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ഏതുതരത്തിലുള്ള അന്വേഷണം എന്നത് സംബന്ധിച്ച് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തില്‍ ഇനി വേണ്ടതെന്ത് എന്നതില്‍ കോണ്‍ഗ്രസിന് ഒരു തിട്ടവുമില്ല. അന്വേഷണം വേണം, എന്നാല്‍ സംസ്ഥാനത്തിന്‍റെ അന്വേഷണം വേണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ അതിനൊരു പോംവഴി കാണാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ചുരുക്കത്തില്‍ വീണ് കിട്ടിയൊരായുധം എങ്ങനെ ഉപയോഗിക്കുമെറിയാതെ കോണ്‍ഗ്രസ് പരുങ്ങുമ്പോള്‍ ഇതേ ആയുധം കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കാനുള്ള വഴി തേടുകയാണ് സിപിഎമ്മും ഇടതുമുന്നണിയും.