തിരുവനന്തപുരം:സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്ന നിലപാട് മാറ്റി പരാതിക്കാരി. സിബിഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആറ് കേസിലും ഹർജി നൽകും.
അബ്‌ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി ആരോപിച്ചു. നേരത്തെ ഉമ്മൻ ചാണ്ടിക്കും എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീൻ ചിറ്റ് നൽകി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്കെതിരെ നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോൾ മാറ്റിയത്.
ഇന്ന് രാവിലെയാണ് സോളാർ പീഡനക്കേസിൽ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് നൽകിക്കൊണ്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വിവാദമായ സോളാര്‍ പീഡന പരാതികളില്‍ സര്‍ക്കാര്‍ കൈമാറിയ ആറ് കേസുകളിലും കുറ്റാരോപിതരായ മുഴുവന്‍ പേരെയും സിബിഐ കുറ്റവിമുക്തരാക്കി.