സോളാർ കേസിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്ന് വിഡി സതീശൻ തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ ഒരുകാലത്ത് കഠിനാധ്വാനം ചെയ്‌തവർ ഇപ്പോൾ അദ്ദേഹം നീതിമാനായിരുന്നു എന്ന് പറയുന്നത് പീലാത്തോസിനെ ഓർമിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയുടെ കണ്ടെത്തൽ വന്നതോടെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നേരെ തിരിയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സോളാർ കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നു എന്നാണ് സിബിഐ കണ്ടെത്തൽ. പിണറായി അധികാരത്തിലെത്തി മൂന്നാം ദിവസം പരാതിക്കാരിയെ ഓഫിസിൽ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി അന്വേഷണം സിബിഐക്ക് കൈമാറിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ എന്നാണ് ദല്ലാൾ നന്ദകുമാർ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനായതെന്നും ചോദിച്ചു.
ആരാണ് ദല്ലാൾ നന്ദകുമാറിന് കത്ത് സംഘടിപ്പിക്കാൻ പണം കൊടുത്തത്? ആരായിരുന്നു ഇതിൻ്റെ യഥാർഥ ഗുണഭോക്താവ്? മുൻപ് ദല്ലാൾ നന്ദകുമാറിൻ്റെ ടാർഗറ്റ് പിണറായി ആയിരുന്നെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയായി കഴിഞ്ഞപ്പോൾ എത്ര വേഗമാണ് നന്ദകുമാർ അദ്ദേഹവുമായി ചങ്ങാത്തത്തിലായതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഈ കേസിൽ പരാതിക്കാരിയെ ഓഫിസിൽ വിളിച്ചു വരുത്തിയ മുഖ്യമന്ത്രിയാണ് ഗൂഢാലോചനയിലെ ഒന്നാം പ്രതി. ഇതിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല' :സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ രാഷ്‌ട്രീയ എതിരാളികൾ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും വാർത്താക്കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു (VD Satheesan Reaction On Solar Case CBI Report). ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും വ്യക്തമാക്കി.
രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും എന്നുമാണ് സിബിഐ റിപ്പോർട്ട് അടിവരയിടുന്നതെന്നും ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവർ ആരാണോ അവർ കണക്ക് പറയേണ്ടി വരുമെന്നും വി ഡി സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഗൂഢാലോചനയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് സിബിഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ടെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
READ MORE:VD Satheesan Reaction On Solar Case CBI Report കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല, സിബിഐ റിപ്പോര്‍ട്ട് ചതിച്ചവര്‍ക്കുമുള്ള മറുപടി; വിഡി സതീശൻ