തിരുവനന്തപുരം:സോളാർ കേസ് (Solar case ) സംബന്ധിച്ച സിബിഐ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയെ (Oommen chandy) വേട്ടയാടിയ സിപിഎമ്മും ഒരു കൂട്ടം മാധ്യമങ്ങളും പരസ്യമായി മാപ്പു പറയാൻ തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ (Shafi parambil) നിയമസഭയിൽ ആവശ്യപ്പെട്ടു. സോളാർ കേസിൻ്റെ ഗൂഢാലോചന സംബന്ധിച്ച സിബിഐ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഷാഫി (Adjournment discussion in Kerala assembly on Solar case CBI findings).
സോളാർ കേസിൻ്റെ പേരിൽ നട്ടാൽ കുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടു (Shafi parambil on Solar case CBI findings). അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഹീനമായി വേട്ടയാടിയതിന് ഈ സഭ സാക്ഷിയായി. 5 വ്യാജക്കത്തുകളുടെയും പിസി ജോർജിൻ്റെ വ്യാജ കത്തിൻ്റെയും ഉൾപ്പെടെ 6 വ്യാജ കത്തുകളുടെയും പേരിൽ 70 വയസു കഴിഞ്ഞ ഒരാളുടെ പേരിൽ ലൈംഗികാരോപണം വരെ ഉന്നയിക്കപ്പെട്ടു. ഇന്നിപ്പോൾ സി ബി ഐ യുടെ കണ്ടെത്തൽ പുറത്തു വന്ന സാഹചര്യത്തിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിയും സിപിഎമ്മും ഇനിയെങ്കിലും മാപ്പു പറയാൻ തയ്യാറാകണം.
സോളാറിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലും കല്ലെറിഞ്ഞിട്ടും അതിൻ്റെ പേരിൽ ഒരു ഹർത്താൽ പോലും വേണ്ടെന്ന് പറഞ്ഞ ഒരാളാണ് ഉമ്മൻ ചാണ്ടി. കത്തുകളിലൊന്നും ഉമ്മൻ ചാണ്ടിയുടെ പേരില്ലാതിരുന്നിട്ടും പിന്നീട് അദ്ദേഹത്തിൻ്റെ പേര് എഴുതിച്ചേർത്തിട്ടും ചില പേരുകൾ വെളിപ്പെടുത്തില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ഈ ആറു കത്തുകൾ പിന്നീട് 50 ലക്ഷം രൂപ കൊടുത്തു വാങ്ങിയത് ദല്ലാൾ നന്ദകുമാറാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.