തിരുവനന്തപുരം:വിഷുവിനോടനുബന്ധിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ച് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകളാണ് ഒന്നിച്ച് വിതരണം ചെയ്യുക. മാര്‍ച്ചിലെ പെന്‍ഷന്‍ തുകയ്‌ക്കൊപ്പം ഏപ്രിലിലെ തുക കൂടി നല്‍കുകയാണ് ചെയ്യുന്നത്. ഏപ്രില്‍ 14ന് മുമ്പായി വിതരണം പൂര്‍ത്തിയാക്കും. 60 ലക്ഷം പേര്‍ക്ക് 3,200 രൂപയാണ് വിതരണം ചെയ്യുക. ഇതിനായി 1871 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
സാധാരണക്കാര്‍ കൂടുതല്‍ ആഹ്ളാദിക്കട്ടെയെന്ന് മുഖ്യമന്ത്രി: കൊവിഡ് മഹാമാരിയും സാമ്പത്തിക നയങ്ങളും സംസ്ഥാനത്ത് ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്ന് സാധാരണ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുകയാണ് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ഉറച്ച് തീരുമാനമാണ് വിഷുവിനായുള്ള പെന്‍ഷന്‍ വിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷു വിപണികള്‍ കൂടുതല്‍ സജീവമാകാന്‍ സര്‍ക്കാറിന്‍റെ തീരുമാനം സഹായകമാകും. മാത്രമല്ല സാധാരണക്കാര്‍ക്കും കൂടുതല്‍ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും വിഷുവിനെ വരവേല്‍ക്കാന്‍ സര്‍ക്കാറിന്‍റെ തീരുമാനം ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്നത് വിഷുകൈനീട്ടമെന്ന് ധനമന്ത്രി:കേരളത്തിലെ സാധാരണക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമാണ് ക്ഷേമ പെന്‍ഷന്‍ കുടിശികയിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ധനമന്ത്രി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.