തിരുവനന്തപുരം:സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി വീടും പരിസരവും വൃത്തിയാക്കാൻ ഇനി ആളെ കണ്ടെത്താം. മരക്കൊമ്പുകൾ വെട്ടാനും വീടും പരിസരവും വൃത്തിയാക്കാനും തുടങ്ങി വീട്ടിലെ ചെറിയ പണികൾക്കായി ആളെ കണ്ടെത്താനുള്ള സൗകര്യമാണ് സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ ഒരുങ്ങുന്നത്. സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലെ സർവീസസ് ലിസ്റ്റിൽ ഇതിനായി വർക്ക് ഓർഡർ എന്ന ഓപ്‌ഷൻ കൂടി പുതുതായി ചേർക്കും.
ഓപ്‌ഷൻ സെലക്‌ട് ചെയ്‌ത് ജോലിയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. ഫോട്ടോയും കൂടി ചേർക്കാനുള്ള സൗകര്യം ഉണ്ടാകും. കേന്ദ്ര - സംസ്ഥാന നഗര മിഷൻ, കുടുംബശ്രീ, തിരുവനന്തപുരം നഗരസഭ എന്നിവർ സംയുക്തമാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നത്.
കേന്ദ്ര - സംസ്ഥാന നഗര മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സിറ്റി ലൈവലീഹുഡ് സെന്‍റർ വഴിയാകും തൊഴിലാളികളെ ആവശ്യകാർക്ക് ലഭ്യമാക്കുക. ഫീസും ഓൺലൈനായി അടയ്‌ക്കാനാകും. 400 രൂപ മുതലാകും സേവനങ്ങൾ ലഭ്യമാക്കുക.
അതേസമയം അപേക്ഷ സമർപ്പിച്ചതിന് ശേഷം പിൻവലിച്ചാലും സർവീസ് ചാർജ് നൽകേണ്ടി വരും. പണി പൂർത്തിയായാൽ ഗുണഭോക്താവിന് ഒ ടി പി ലഭിക്കും. ആപ്പിൽ ഇത് രേഖപ്പെടുത്തി പണി തീർന്നതായി സാക്ഷ്യപ്പെടുത്താം. ഈ വർഷം തന്നെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ മാറ്റങ്ങൾ കൊണ്ട് വരാനാണ് ശ്രമം.
സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ലഭിക്കുന്ന മറ്റ് സേവനങ്ങൾ:കൊവിഡ് കാലഘട്ടത്തിലാണ് സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് കൂടുതൽ ജനകീയമായത്. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് പൊതുപരിപാടികൾക്ക് അനുമതി തേടാൻ ആപ്പിൽ സൗകര്യം ഒരുക്കിയിരുന്നു. കൊവിഡ് ഭീഷണി മാറിയെങ്കിലും ആപ്പിൽ ഇപ്പോഴും ഈ സൗകര്യമുണ്ട്.