തിരുവനന്തപുരം: വാഹനങ്ങളുടെ തിരക്കു കണക്കിലെടുത്ത് പച്ചയും ചുവപ്പും ലൈറ്റുകള്‍ സ്വയം സമയം നിശ്ചയിച്ചു കത്തുകയും അണയുകയും ചെയ്യുന്ന ഓട്ടോമാറ്റിക് ട്രാഫിക് നിയന്ത്രണ സംവിധാനത്തിന് (automatic traffic control system) തിരുവനന്തപുരം സ്‌മാർട്ട് സിറ്റി പദ്ധതി തയാറെടുക്കുന്നു. സമയം നിശ്ചയിക്കുന്നത് ഉള്‍പ്പെടെ ട്രാഫിക് നിരീക്ഷണ സംവിധാനം അടിമുടി സ്‌മാർട്ടാക്കാനൊരുങ്ങുകയാണ് സ്‌മാർട്ട് സിറ്റി തിരുവനന്തപുരം (Smart Traffic Lights In Thiruvananthapuram). തിരുവനന്തപുരം നഗരസഭ പരിധിയിലെ 113 ജങ്‌ഷനുകളിലാണ് പുതിയ ട്രാഫിക് ലൈറ്റ് (traffic light system) സംവിധാനം ഒരുങ്ങുന്നത്.
ജങ്‌ഷനുകളില്‍ സ്ഥാപിക്കുന്ന കാമറകള്‍ വഴി 14 മീറ്ററോളം നിരീക്ഷണം നടത്തിയാകും ട്രാഫിക് ലൈറ്റുകളുടെ സമയം നിശ്ചയിക്കുക. മറ്റ് ദിശകളില്‍ വാഹനങ്ങള്‍ ഇല്ലെങ്കിലും ഏറെ നേരം ട്രാഫിക് ലൈറ്റില്‍ കുരുങ്ങുന്ന സാഹചര്യം പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതായത് റോഡില്‍ വാഹനങ്ങള്‍ കുറവുള്ള സമയത്ത് വാഹനങ്ങള്‍ക്ക് അധിക സമയം ട്രാഫിക് ലൈറ്റുകളില്‍ കുടുങ്ങി കിടക്കേണ്ടി വരില്ല. തിരക്ക് കൂടുതലുള്ള സമയങ്ങളിലാകട്ടെ അധിക സമയം ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നതും പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കും.
നിലവിലുള്ള ട്രാഫിക് സിഗ്‌നലുകള്‍ക്ക് പുറമേ നഗരത്തില്‍ പുതുതായി 25 ജങ്‌ഷനുകളില്‍ കൂടി പദ്ധതി പ്രകാരം ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കും. പോകാനുള്ള വഴികളിലെ ട്രാഫിക് സാഹചര്യം വിശദീകരിക്കുന്ന എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകളും പദ്ധതിയുടെ ഭാഗമായി റോഡുകളില്‍ സ്ഥാപിക്കും. 14 ജങ്‌ഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകള്‍ ഉള്‍പ്പെടുത്തുക.
ട്രാഫിക് പൊലീസില്‍ (traffic police) നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇത് വിപുലപ്പെടുത്തും. ഫേസ് റെകഗ്നേഷന്‍, നോ പാര്‍ക്കിങ്, തിരക്ക് എന്നിവ നിരീക്ഷിക്കാന്‍ സിറ്റി സര്‍വേലന്‍സ് മാനേജ്മെന്‍റ് സിസ്റ്റം 98 ജങ്‌ഷനുകളിലും വേഗ പരിധി, റെഡ് ലൈറ്റ് ലംഘനം, ഓവര്‍ലോഡ്, ഹെല്‍മെറ്റ്, 24 മണിക്കൂര്‍ നിരീക്ഷണം എന്നിവയ്‌ക്ക് ഇന്‍റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം (Intelligent traffic management system) സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ട്രാഫിക് ലൈറ്റുകളില്‍ പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും കുറ്റവാളികളുടെ വിവരങ്ങളും പുതിയ സാങ്കേതികതയില്‍ ഉള്‍പ്പെടുത്താനാകും.