തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ സ്‌മാര്‍ട്ടാക്കുന്ന പദ്ധതിക്ക് തുടക്കമായി. നിലവിലുള്ള പേപ്പർ പ്രിന്‍റിൽ ലാമിനേറ്റ് ചെയ്‌ത ലൈസൻസുകൾക്ക് പകരം പിവിസി പെറ്റ് ജി കാര്‍ഡിലുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകൾ 200 രൂപ നൽകിയാൽ ലഭ്യമാകും. ലൈസൻസ് ഉടമകൾക്ക് പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഓൺലൈനായി തന്നെ ലൈസൻസുകൾ സ്‌മാർട്ട് കാർഡാക്കി മാറ്റാൻ സാധിക്കും.
ഇതിനായി അപേക്ഷ സമർപ്പിച്ച് 200 രൂപ, തപാൽ ചാർജ് എന്നിവ നൽകിയാൽ മതി. ഒരു വർഷത്തേക്ക് മാത്രമാകും ഈ ഇളവ് ലഭിക്കുക. ഒരു വർഷത്തിന് ശേഷം ഡ്രൈവിങ് ലൈസൻസ് സ്‌മാർട്ട് കാർഡാക്കി മാറ്റാൻ 1300 രൂപ നൽകേണ്ടി വരും. ഏഴ് സുരക്ഷാസവിശേഷതകളോടുകൂടിയ പുതിയ ലൈസൻസ് കാർഡുകൾ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നല്‍കിയിരിക്കുന്നത്.
അതേസമയം മെയ് മാസം മുതൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും സ്‌മാർട്ട് ആക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. സീരിയൽ നമ്പർ, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്‌സ്‌റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആര്‍ കോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട ഏഴ് സുരക്ഷാ സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസുകൾ.
സീരിയൽ നമ്പർ : ഓരോ ആളുകളുടെയും ലൈസൻസുകൾ വ്യത്യസ്‌തമായി തിരിച്ചറിയുന്നതിനാണ് കറൻസി നോട്ടുകളുടേതിന് സമാനമായ രീതിയില്‍ സീരിയൽ നമ്പറുകൾ നൽകുന്നത്. ഓരോരുത്തരുടെയും ഡ്രൈവിങ് ലൈസൻസുകളിൽ വ്യത്യസ്‌ത സീരിയൽ നമ്പറാണ് നൽകുന്നത്.
യുവി എംബ്ലം : ലൈസൻസിന്‍റെ മുൻഭാഗത്തും പിന്‍ഭാഗത്തും അൾട്രാ വൈലറ്റ് ലൈറ്റ് കൊണ്ടുമാത്രം കാണാൻ കഴിയുന്ന ഒരു വ്യത്യസ്‌ത പാറ്റേൺ നൽകിയിട്ടുണ്ട്. എല്ലാ ലൈസൻസുകളിലും ഒരേ തരത്തിലുള്ള പാറ്റേണാണ് നൽകുന്നത്. മുൻവശത്ത് കേരളത്തിന്‍റെ ചിത്രവും പിറകിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ചിഹ്നവുമായിരിക്കും ഉണ്ടാവുക.