തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തലസ്ഥാന നഗരത്തിലെ കോർപറേഷൻ റോഡുകൾ സ്‌മാർട്ടാകാൻ കരാറെടുത്ത കമ്പനിയെ ഒഴിവാക്കി വീണ്ടും ടെൻഡർ വിളിക്കാൻ തീരുമാനം. റോഡുകൾ പൊളിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നിർമാണം എങ്ങുമെത്താത്തതിനാലാണ് മുംബൈ ആസ്ഥാനമായ കരാർ കമ്പനിയായ എൻ.എ കൺസ്ട്രക്ഷൻസിനെ ഒഴിവാക്കിയത്. ഇതുവരെ 15 ശതമാനം നിർമാണം മാത്രമാണ് കരാർ കമ്പനി പൂർത്തിയാക്കിയത്.
2020 ഒക്ടോബർ 19നാണ് നഗരത്തിലെ 40 റോഡുകൾ സ്‌മാർട്ട് റോഡ് ആക്കുന്നതിനായി എൻ.എ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുക്കുന്നത്. എന്നാൽ പണി ആരംഭിച്ചത് വെറും 17 റോഡുകളിൽ മാത്രം. ഇവ പൂർത്തിയായില്ലെന്നു മാത്രമല്ല, രണ്ടു വർഷമായി ഈ റോഡുകളിലൂടെ ദുരിതയാത്ര നടത്തേണ്ട അവസ്ഥയിലാണ് നഗരവാസികൾ.
92 കോടിയുടെ കരാറിൽ എൻ.എ കൺസ്ട്രക്ഷൻസ് പൂർത്തിയാക്കിയ 15 ശതമാനം പണികളുടെ 5 കോടി രൂപ നൽകി ഓഗസ്റ്റ് 30ന് കമ്പനിയുടെ കരാർ സ്‌മാർട്ട് സിറ്റി റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കാൻ ഒരുങ്ങുകയാണ് സ്‌മാർട്ട് സിറ്റി. 2023 ജൂണിന് മുൻപ് ജോലികൾ പൂർത്തിയാക്കണമെന്ന മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് 19.85 കോടിയുടെ പുതിയ കരാർ നൽകുന്നത്.
നഗരത്തിലെ 22 റോഡുകൾ 4 ഘട്ടങ്ങളിലായാണ് സ്‌മാർട്ട് റോഡാക്കുന്നത്. ആദ്യഘട്ടത്തിൽ ഫോർട്ട് വാർഡിലെ 9 റോഡുകൾ നവീകരിക്കുന്നതിനാണ് പുതിയ ടെൻഡർ വിളിക്കുന്നത്. കൊത്തളം ജംഗ്ഷൻ, ദീക്ഷിതാർ സ്‌ട്രീറ്റ്, കല്ലംപ്പള്ളി സ്ട്രീറ്റ്, പുന്നയ്ക്കൽ ലെയ്ൻ, തമ്മനം സട്രീറ്റ്, അയ്യാവാദ്യർ റോഡ്, ചരിത്രവീഥി, താലൂക്ക് ഓഫിസ് റോഡ്, പടിഞ്ഞാറേ കോട്ട റോഡ് എന്നീ റോഡുകളിലെ സ്‌മാർട്ട് റോഡ് നിർമാണത്തിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ റോഡുകളുടെ ജോലികൾ നടത്തണമെന്നാണ് ടെൻഡറിലെ പ്രധാന നിർദേശം. കരാറെടുക്കുന്ന കമ്പനി തന്നെ ട്രാഫിക്ക് മാനേജ്മെന്‍റ് പ്ലാൻ സിസ്റ്റം ഉണ്ടാക്കണം. റോഡ് നിർമാണത്തിന്‍റെ ട്രാഫിക്ക് മാനേജ്മെന്‍റ് പ്ലാനിന്‍റെ റിപ്പോർട്ട് കരാർ കമ്പനി സ്‌മാർട്ട് സിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഒക്ടോബർ 14ന് ടെൻഡർ നടപടികൾ ആരംഭിക്കും.