തിരുവനന്തപുരം: മ്യൂസിയം, കനകക്കുന്ന് പരിസരങ്ങളെ രാത്രികാലങ്ങളിലും സജീവമാക്കുന്നതിന്‍റെ ഭാഗമായി മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രം ഒരുക്കുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ തെരുവ് കച്ചവട കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.7 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ രാത്രികാല വ്യാപാര കേന്ദ്രം എന്ന ആശയം തിരുവനന്തപുരം നഗരസഭ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
തെരുവ് ഭക്ഷണശാലകളടക്കം 48 കടക്കാരെ പുനരധിവസിപ്പിക്കാൻ സൗകര്യമുള്ള ഷെഡുകളാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം റോഡ് ഇൻ്റർലോക്ക് ചെയ്ത് നവീകരിക്കും. നിലവിൽ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള പ്രവർത്തനങ്ങളും പൂർത്തിയാകും. ശേഷം നഗരസഭയ്ക്ക് കൈമാറുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.