തിരുവനന്തപുരം :കനകക്കുന്ന് കൊട്ടാരത്തിനും മ്യൂസിയത്തിനും സമീപം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ കുട്ടികൾക്കായി സ്കേറ്റിങ് ഏരിയ ഒരുങ്ങുന്നു. നഗരത്തിൽ ഇത്തരമൊരു സംവിധാനം ഇതാദ്യമാണ്. സായാഹ്ന വേളകളിൽ കുട്ടികൾക്ക് ആർത്തുല്ലസിക്കാൻ വ്യത്യസ്ത സംവിധാനങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. 1.92 കോടി ചെലവിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.
'പ്രവൃത്തികള്‍ 80 ശതമാനം പൂർത്തിയായി. ലാൻഡ്സ്കേപ്പിങ്, സ്കേറ്റിങ് ഏരിയ, ഫുഡ് കിയോസ്ക്, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്' - സൈറ്റ് എൻജിനീയർ ജി.നൈനേഷ് പറഞ്ഞു.
ഭക്ഷണശാല, വാട്ടർ കിയോസ്ക്, ടോയ്‌ലറ്റ് സൗകര്യം, വാട്ടർ ഫൗണ്ടൻ, ഓപ്പൺ ജിം, കയർ പാലം തുടങ്ങിയവയും ക്യാപ്റ്റൻ ലക്ഷ്മി പാർക്കിൽ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം പാർക്കിന് ഒരു വശത്ത് മുതിർന്നവർക്ക് ഇരിക്കാൻ ബഞ്ചുകളും സ്ഥാപിക്കുന്നുണ്ട്. പാർക്കിന് ചുറ്റും നിരവധി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.