തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ ബിരുദ പരീക്ഷയിലും ക്രമക്കേട് നടന്നതായി സംശയം. രണ്ട് തവണ എഴുതി പരാജയപ്പെട്ട രണ്ടാം സെമസ്റ്റർ പരീക്ഷ മൂന്നാമത് എഴുതിയപ്പോൾ ഉയർന്ന മാർക്കാണ് ശിവരഞ്ജിത്തിന് ലഭിച്ചിരിക്കുന്നത്. 2016 ൽ എഴുതിയ ഈ പരീക്ഷയുടെ ഉത്തരക്കടലാസ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തതും ക്രമക്കേട് നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നു. ശിവഞ്ജിത്തിന്‍റെ ബി എസ് സി പരീക്ഷയുടെ മാർക്ക് ഷീറ്റിന്‍റെ കോപ്പി ഇടിവി ഭാരതിന് ലഭിച്ചു.
ശിവരഞ്ജിത്തിന്‍റെ ബിരുദ പരീക്ഷയിലും ക്രമക്കേട് നടന്നതായി സംശയം
2016 ൽ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ക്രമക്കേട് നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നു
ബിഎസ്‌സി കെമസ്ട്രി വിദ്യാർഥിയായിരുന്ന ശിവരഞ്ജിത്ത് രണ്ട് തവണ എഴുതി പരാജയപ്പെട്ട രണ്ടാം സെമസ്‌റ്റർ മെത്തഡോഇജി ആന്‍റ് പെർസ്‌പെക്‌ടീവ് ഓഫ് സയൻസ് പരീക്ഷ മൂന്നാമത് എഴുതിയപ്പോൾ ലഭിച്ചത് ഉയർന്ന മാർക്ക്. 2016 ജൂലൈയിൽ നടന്ന പരീക്ഷ യിൽ 57 മാർക്കാണ് ശിവരഞ്ജിത്തിന് ലഭിച്ചത്. 2014ലും 2015 ലും ഇതേ വിഷയത്തിന് ശിവരഞ്ജിത്ത് നേടിയത് യഥാക്രമം 12 ഉം 22 മാർക്കാണ്.
ഇതിൽ 2016ൽ ഉയർന്ന മാർക്ക് നേടിയപ്പോൾ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ലഭിച്ചത്. പരീക്ഷ കോഡും തീയതിയും പരീക്ഷ നടന്ന സമയവും, വിഷയവും പൂരിപ്പിച്ച ഉത്തരക്കടലാസാണ് കണ്ടെടുത്തത്. ഇതാണ് ക്രമക്കേട് നടന്നതായുള്ള സംശയം ബലപ്പെടുന്നതിന് കാരണം. 2016ലെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ ആദ്യ തവണ തന്നെ എല്ലാ പേപ്പറുകളും 80 ശതമാനം മാർക്കോടെയും ചില പേപ്പറുകൾ 90 ശതമാനം മാർക്കിലുമാണ് ശിവരഞ്ജിത്തിന്‍റെ ജയം. ആദ്യ സെമസ്‌റ്റർ പരീക്ഷകൾ മൂന്നും നാലും തവണ എഴുതിയ ശിവ രഞ്ജിത്തിന് അവസാന രണ്ട് സെമസ്റ്ററുകളിൽ ഇത്തരത്തിൽ ഉയർന്ന മാർക്ക് ലഭിച്ചതും സംശയത്തിനിടയാക്കുന്നു. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.