സിസ്റ്റർ അഭയയ്‌ക്ക് നീതി; പ്രതികൾക്ക് ജീവപര്യന്തം - അഭയ കേസ് വിധി
10:03 December 23
കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനും ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറുലക്ഷം രൂപ പിഴയും, സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ
തിരുവനന്തപുരം: 28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സിസ്റ്റർ അഭയയുടെ കൊലപാതക കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകത്തിനും അതിക്രമിച്ച് കടന്നതിനും ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറുലക്ഷം രൂപ പിഴയും, മൂന്നാംപ്രതി സിസ്റ്റർ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
തെളിവ് നശിപ്പിക്കലിന് ഇരുവർക്കും ഏഴ് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.