തിരുവനന്തപുരം: അഭയ കേസിലെ വിചാരണ വേളയിൽ സാക്ഷിയുടെ കൂറുമാറ്റം. അമ്പതാം സാക്ഷി സിസ്റ്റർ അനുപമയാണ് ഇന്ന് വിചാരണവേളയിൽ കൂറുമാറിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കന്യാസ്ത്രീ മഠത്തിലെ അടുക്കളയ്ക്ക് സമീപം കണ്ടുവെന്ന് മൊഴി നൽകിയ സിസ്റ്റർ അനുപമ ഇന്ന് വിചാരണവേളയിൽ മൊഴിമാറ്റുകയായിരുന്നു. അസ്വാഭാവികമായി ഒന്നും തന്നെ കണ്ടിട്ടില്ലെന്നാണ് സിസ്റ്റർ അനുപമ സിബിഐ പ്രത്യേക കോടതിയിൽ വ്യക്തമാക്കി. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സിബിഐയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. കോടതി ഇത് അംഗീകരിച്ച് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചു.
അഭയ കേസ്; സിസ്റ്റര്‍ അനുപമ കൂറുമാറി - സിബിഐ പ്രത്യേക കോടതി
സിസ്റ്റർ അനുപമ കൂറുമാറിയതായി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിച്ചു
അഭയക്കൊപ്പം താമസിച്ചിരുന്ന ആളാണ് സിസ്റ്റർ അനുപമ. സിബിഐ അടക്കമുള്ള അന്വേഷണ സംഘത്തോട് ആദ്യം മൊഴി നൽകിയപ്പോഴാണ് വസ്ത്രങ്ങൾ കണ്ടുവെന്ന് അനുപമ പറഞ്ഞിരുന്നത്. ഇത് പ്രകാരമാണ് കുറ്റപത്രത്തിലടക്കം ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയത്. കേസിൽ വിചാരണ തുടങ്ങിയ ആദ്യദിവസം തന്നെ ഏറ്റവും നിർണായക സാക്ഷി കൂറുമാറിയത് സിബിഐക്ക് തിരിച്ചടിയാണ്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 27 വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് കേസിൽ വിചാരണ തുടങ്ങിയത്. മൂന്നു സാക്ഷികളുടെ വിചാരണയാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് സാക്ഷികൾ മരണപ്പെട്ടതിനാൽ സിസ്റ്റർ അനുപമയുടെ വിചാരണ മാത്രമാണ് നടക്കുന്നത്. 177 സാക്ഷികളാണ് കേസിൽ സിബിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം പ്രതി തോമസ് കോട്ടൂർ മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്.