തിരുവനന്തപുരം :ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തില്‍, രൂക്ഷവിമര്‍ശനവുമായി എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് സിന്ധു ജോയ്. സിപിഎം ഉന്നത നേതാവിനെതിരെ 2.35 കോടിയുടെ സാമ്പത്തിക ആരോപണം ഉന്നയിച്ചാണ് ജി ശക്തിധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിലെ ഒരു പരാമര്‍ശം എടുത്തുകാട്ടിയാണ്, സിന്ധു ജോയിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകളുയര്‍ന്നത്. സിന്ധു എഴുതിയ കുറിപ്പിന്‍റെ പൂര്‍ണരൂപം.
'കൈതോലപ്പായ'യുടെ കഥാകാരന്മാരോട്...കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഓളംതല്ലുന്ന അത്യന്തം അപകീർത്തികരമായ ഒരു പൈങ്കിളി വർത്തമാനം ഞാൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാർത്ത ഫാക്‌ടറികൾ മറുപടി അർഹിക്കാത്തവിധം ജുഗുപ്‌സാവഹമാണ്; എനിക്ക് എന്‍റേതായ ജോലിയും അതിന്‍റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേദ്യ വാഹകർക്കായി പാഴാക്കാനുള്ളതല്ല എന്‍റെ സമയവും ഊർജവും എന്ന ബോധ്യവുമുണ്ട്.
പക്ഷേ, 'ദേശാഭിമാനി'യിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ 'കൈതോലപ്പായ' കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്‌ടലാക്കുള്ള ഒരു പരോക്ഷ പരാമർശം. സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റ് ജീവസന്ധാരണം നടത്തുന്ന മറ്റൊരു നികൃഷ്‌ടജീവി എന്‍റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ല.
ഈ കഥയിൽ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ 16 വര്‍ഷം മുൻപ് നടന്ന ഒരു ചടങ്ങിൽ എസ്‌എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. ചടങ്ങിനുശേഷം സർവകലാശാല യൂണിയൻ ഭാരവാഹികളും എസ്‌എഫ്‌ഐ സഖാക്കളും ചേർന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെൻസ് ഹോട്ടലിന്‍റെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാൻ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്‍റില്‍ ഒഴികെ മറ്റൊരിടത്തും ഞങ്ങളിൽ ഒരാൾ പോലും കയറിയില്ല; മുറിയെടുത്തിട്ടില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവർക്കറിയാം ഈ സത്യങ്ങൾ.
പക്ഷേ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളിൽ കാതോടുകാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവന്തപുരം മസ്‌കറ്റ് ഹോട്ടൽ ആക്കി ഇത്തരം 'സുകൃതികൾ' മാറ്റി. ഇക്കിളിക്കഥകളിൽ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാർക്ക് ഇതൊരു വിരുന്നാണ്; സ്വന്തം അമ്മയേയും മകളേയും പെങ്ങളേയും ചേർത്ത് രതിഭാവന നെയ്യുന്നവരാണ് അവർ. കഴിഞ്ഞ 11 വർഷമായി കേരളത്തിലെ രാഷ്ട്രീയത്തിൽ ഞാനോ എന്‍റെ നിഴൽ പോലുമോ ഇല്ല. എന്നിട്ടും എന്‍റെ പേര് ഈ നുണക്കഥയിൽ വലിച്ചിഴക്കുന്നവർ ഒരു പെണ്ണിന്‍റെ പേരുകേട്ടാൽ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.
ഏറെക്കാലം ഞാൻ പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തിൽ ആരും ചെയ്‌തിട്ടില്ല. മഹാരാജാസ് കോളജിൽ ഒരു സാധാരണ എസ്എഫ്ഐ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവളാണ് ഞാൻ. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്‌തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാൽ തകർന്നും നിരവധി തവണ പൊലീസ് മർദനമേറ്റും പൊരുതി ഉയർന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളിൽ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തർക്കുമറിയാം. ചെറുപ്പത്തിൽ തന്നെ അനാഥയായ എനിക്ക് പാർട്ടി ഒരു തണലായിരുന്നു ; സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ, ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാൻ പ്രാപ്‌തയാക്കിയത്.