തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിലപാട് ആര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.റെയില്‍ സര്‍വേ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കിയത്. എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ച പദ്ധതിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താനുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് ലേഖനത്തില്‍ കോടിയേരി പറയുന്നു.
കേരള വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യഘടകമാണ്. ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ സില്‍വര്‍ലൈന്‍ അനിവാര്യമാണ്. അതുകൊണ്ടാണ് ഇതേപ്പറ്റി തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ജനങ്ങളോട് വിവരിച്ചിരുന്നത്.
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ സില്‍വര്‍ലൈന്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനമാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ഇപ്പോള്‍ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേര്‍ന്ന് കുപ്രചാരണം നടത്തുകയും സര്‍ക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണെന്നും കോടിയേരി ആരോപിച്ചു.
വോട്ടര്‍മാരുടെ അംഗീകാരം വാങ്ങി ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണിതെന്ന് പ്രതിപക്ഷം ഓര്‍മ്മിക്കണമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയുള്ള സര്‍വെ നടപടിയാണ്. ഇതിനുശേഷം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരില്‍നിന്ന് അഭിപ്രായം കേട്ട് ചര്‍ച്ച നടത്തി സ്ഥലത്തിന്‍റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ലെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ALSO READ:പൊലീസ് സുരക്ഷ വേണമെന്ന് ഏജൻസി: എറണാകുളത്ത് സില്‍വര്‍ ലൈൻ സര്‍വെ നിർത്തി