തിരുവനന്തപുരം : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ഒരു വർഷം നീളുന്ന ആഘോഷങ്ങളോടെ നടത്താൻ സർക്കാർ. 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നേട്ടങ്ങളും കോട്ടങ്ങളും പരിഗണിച്ച് തിരുത്തലുകളോടെ ജനകീയാസൂത്രണത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനാണ് രണ്ടാം ഘട്ടത്തിൽ ഊന്നൽ നൽകുക.
അധികാര വികേന്ദ്രീകരണത്തിലൂടെ പദ്ധതികളുടെ പ്രയോജനം താഴേത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാസൂത്രണം ആരംഭിച്ചതെങ്കിലും കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധികാരം വികേന്ദ്രീകരിച്ച് നൽകിയില്ലെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
തദ്ദേശസ്ഥാപനങ്ങളെ തൊഴിൽദാതാക്കളാക്കുന്ന മാതൃക
അതേസമയം, സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് അധികാരവികേന്ദ്രീകരണം നടത്തി പ്രയോജനം താഴേത്തട്ടില്‍ എത്തിച്ചു. ഫലപ്രദമായി അധികാരവികേന്ദ്രീകരണം നടന്നത് കേരളത്തിലാണ്. ഇത് അംഗീകരിക്കപ്പെട്ട മാതൃകയായി മാറിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളെ തന്നെ തൊഴിൽദാതാക്കൾ ആക്കുന്ന മാതൃകയാണ് രണ്ടാംഘട്ടത്തിൽ സ്വീകരിക്കുക. കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്തും. പുതിയ തലമുറയെ കുടുംബശ്രീയിലെത്തിക്കും.
അച്ചാർ മുതൽ ഐ.ടി വ്യവസായം വരെ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകത്വം ശക്തിപ്പെടുത്തും. ടൂറിസം സ്പോർട്‌സ് എന്നിവയ്ക്കും പ്രാധാന്യം നൽകി തൊഴിലില്ലായ്‌മ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ALSO READ:ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി