കേരളം

kerala

ETV Bharat / state

'ആവശ്യമെങ്കിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കണം, ജീവനക്കാരിൽ ക്ഷയപരിശോധന നടത്തണം' ; സിയാദ് പഠന റിപ്പോർട്ട് സർക്കാരിന് മുന്നില്‍

മൃഗശാലയിൽ ക്ഷയരോഗം പടരുന്ന സാഹചര്യത്തെ കുറിച്ചുള്ള പഠന റിപ്പോർട്ടാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് സമർപ്പിച്ചത്. വിവിധ നിയന്ത്രണങ്ങൾ സന്ദർശകർക്കും ജീവനക്കാർക്കുമായി ഏർപ്പെടുത്താന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്

zoo siad report  മൃഗശാല  മൃഗശാലയിലെ ക്ഷയരോഗബാധ  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്  സിയാദ് പഠന റിപ്പോർട്ട്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ക്ഷയരോഗബാധ  സിയാദ്  zoo  zoo Trivandrum  Tuberculosis outbreaks in zoos  State Institute for Animal Diseases  Tuberculosis in animals
സിയാദ് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

By

Published : Jan 29, 2023, 3:26 PM IST

തിരുവനന്തപുരം : മൃഗശാലയിലെ ക്ഷയരോഗബാധ സംബന്ധിച്ച് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിന്‍റെ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ക്ഷയരോഗബാധ പടരുന്നത് തടയാൻ ആവശ്യമെങ്കിൽ പുള്ളിമാനുകളെയും കൃഷ്‌ണ മൃഗങ്ങളെയും കൊന്നൊടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സന്ദർശകരിലേക്കും ജീവനക്കാരിലേക്കും രോഗബാധ പകരാൻ സാധ്യതയില്ലെന്നും പരാമര്‍ശമുണ്ട്.

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് മൃഗശാലയിൽ നടത്തിയ പഠന റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയത്. വീര്യം കൂടിയ രോഗാണുവാണ് മൃഗങ്ങളിലേക്ക് പകരുന്നത്. രോഗാണുവിനെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. മൃഗങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ജീവനക്കാരിൽ ക്ഷയപരിശോധന നടത്തണം.

രോഗവ്യാപനം കൂടിയാൽ കൂട്ടത്തോടെ കൊല്ലണം: പുള്ളിമാനുകളുടെയും കൃഷ്‌ണമൃഗങ്ങളുടെയും അടുത്ത കൂടുകളിലായുള്ള ആഫ്രിക്കൻ എരുമ, ഗോർ, മ്ലാവ്, പന്നിമാൻ ഇവയിൽ കർശന നിരീക്ഷണം നടത്തണം. രോഗം അനിയന്ത്രിതമായി തുടരുന്നുവെങ്കിൽ, മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നത് ആലോചിക്കണം. കൂടുകൾക്കിടയിൽ മറ സൃഷ്‌ടിക്കണം. മൃഗശാലയിൽ ഒരു വെറ്ററിനറി ഡോക്‌ടറെ കൂടി നിയമിക്കണം.

ക്ഷയരോഗ മരണം കൂടുതലായി റിപ്പോർട്ട് ചെയ്‌ത കൂടുകളിലെ മൃഗങ്ങളെ രോഗം ബാധിച്ചതായി കണക്കാക്കണം. മൃഗശാലയ്‌ക്ക് അകത്ത് മാസ്‌ക്‌ നിർബന്ധമാക്കണം. മൃഗശാലയിലെ മ്ലാവുകളെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷത്തിനിടെ 54 മൃഗങ്ങൾ : എന്നാൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിന്‍റെ പഠനത്തിൽ ക്ഷയരോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവിൽ സിയാദിന്‍റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും മൃഗസംരക്ഷണ വകുപ്പിന്‍റെ തുടർനടപടികൾ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 54 മൃഗങ്ങളാണ് മൃഗശാലയിൽ ചത്തത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഏഴ്‌ മൃഗങ്ങള്‍ക്ക് ജീവഹാനിയുണ്ടായി. നിലവിൽ അണുബാധ മറ്റ് മൃഗങ്ങളിലേക്ക് പകരാതിരിക്കാൻ ചത്ത മൃഗങ്ങളെ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. അസുഖം ബാധിച്ച മൃഗങ്ങൾ പാർക്കുന്ന കൂടിൻ്റെ ഡ്രെയിനേജ് മറ്റ് കൂടുകളുടേതിലെ സംവിധാനവുമായി കൂടിക്കലരാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

മൃഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ : ജീവനക്കാർ എല്ലാ കൂടുകളിലും അണുനശീകരണം നടത്തും. കാലുകൾ വൃത്തിയായി കഴുകിയ ശേഷം മാത്രമേ ജീവനക്കാർ കൂടുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ. രോഗ പ്രതിരോധശേഷിക്കായി മരുന്നുകളും മൃഗങ്ങൾക്ക് നൽകുന്നുണ്ട്. പുള്ളിമാനുകളെയും മ്ലാവുകളെയും വെവ്വേറെ കൂടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് : ജീവനക്കാർക്കിടയിൽ ജില്ല ടി ബി സെൽ പരിശോധന നടത്തി. ഇതിൽ 26 പേരുടെ പരിശോധനാഫലം പുറത്തുവന്നിട്ടുണ്ട്. ഇവർക്ക് ക്ഷയരോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 32 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. അതേസമയം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിലെ വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നൽകി. മുഖാവരണം, ഗ്ലൗസ്, ഗംബൂട്ട് എന്നിവ നൽകിയിട്ടുമുണ്ട്.

also read:മൃഗശാലയിലെ ക്ഷയരോഗം: പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ല : അതേസമയം മൃഗശാലയിൽ മറ്റ് മൃഗങ്ങൾക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മൃഗശാല അടച്ചിടേണ്ട സാഹചര്യമോ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മൃഗശാല അതോറിറ്റി ഇടപെടുമെന്ന മാധ്യമ വാർത്തകളും മൃഗശാല സൂപ്രണ്ട് തള്ളി. അത്തരത്തിൽ യാതൊരു നിർദേശങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സൂപ്രണ്ട് രാജേഷ് വി പറഞ്ഞു.

ABOUT THE AUTHOR

...view details