തിരുവനന്തപുരം : ആൻഡമാൻ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി ശ്യാമൾ മണ്ഡൽ കൊലക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗുഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ളള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
ഒന്നാം പ്രതി ഒളിവില്‍ :തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി കെ സനിൽ കുമാറാണ് വിചാരണ പരിഗണിച്ചത്. നേപ്പാൾ സ്വദേശി ദുർഗ്ഗ ബഹാദുർ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യാമൾ മണ്ഡലിൻ്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി മുഹമ്മദ് അലിയാണ് വിചാരണ നേരിടുന്നത്. ഒന്നാം പ്രതി ഒളിവിലാണ്.
2005 ഒക്ടോബർ 13 നാണ് സംഭവം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിൽ ബി ടെക് പഠനത്തിനാണ് ശ്യാമൾ കേരളത്തിൽ എത്തിയത്. അച്ഛനായ വാസുദേവ് മണ്ഡൽ ആൻഡമാനിലെ സർക്കാർ സ്‌കൂള്‍ ജീവനക്കാരനും ധനിക വ്യവസായിയുമാണ്. 2005 ഒക്ടോബർ 13നാണ് കിഴക്കേക്കോട്ടയിൽവച്ച് ശ്യാമളിനെ കാണാതാവുന്നത്.
കഴുത്തറുത്ത് ചാക്കിൽ കെട്ടിയ നിലയില്‍ :ആൻഡമാനിലെ നവോദയ സ്‌കൂളിൽ ജൂനിയറായി പഠിച്ച അലോക് ബിശ്വാസാണെന്ന് പറഞ്ഞ് ഒരു ഫോൺകോള്‍ ശ്യാമളിന് വന്നിരുന്നു. തൻ്റെ സുഹൃത്തിനെ കാണാനാണ് സഹപാഠിയായ ദിഗംബരനുമൊത്ത് ശ്യാമൾ പോയത്. രണ്ട് ദിവസമായിട്ടും ശ്യാമളിനെ കാണാത്തതുകാരണം സഹപാഠി മെഡിക്കൽ കോളജ് പൊലീസില്‍ പരാതി നൽകി.
അതിനിടെ, അക്രമികള്‍ നാലുദിവസം കഴിഞ്ഞ് പിതാവായ വാസുദേവ് മണ്ഡലിനെ ഫോണിൽ വിളിച്ച് മകനെ വിട്ടുകൊടുക്കണമെങ്കിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് കഴിയില്ലെന്ന് പറഞ്ഞപ്പോൾ 10 ലക്ഷം രൂപ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍, പിതാവ് പൊലീസിൽ വിവരമറിയിച്ചു. എന്നാല്‍ 2005 ഒക്ടോബർ 23ന് ശ്യാമൾ മണ്ഡലിൻ്റെ മൃതദേഹം കഴുത്തറുത്ത് ചാക്കിൽ കെട്ടി തിരുവല്ല ബൈപ്പാസിന് സമീപം വെള്ളാറിൽ പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.