തിരുവനന്തപുരം: തനിക്കെതിരെ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ മറുപടിയുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ശ്രീകുമാർ തന്നെ അപായപ്പെടുത്തുമെന്നും തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്നും ഭയക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റക്ക് മഞ്ജു വാര്യര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതികരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാര്‍ രംഗത്തെത്തിയത്.
ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു….
നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള് ഒരു നാള് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
സ്നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ . ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന് എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുന്പില് വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.