തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എഞ്ചിനീയർമാരുടെ കുറവുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ കുറവ് തദ്ദേശ വകുപ്പിലുണ്ട്. എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ബദൽ സംവിധാനം സർക്കാർ ആലോചനയിലുണ്ട് (Minister MB Rajesh talks about Shortage of engineers).
എഇയുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്താൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സാഹചര്യമാണ്. എഞ്ചിനീയർ വിഭാഗത്തിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും.
സംരംഭകത്തെ തടസപ്പെടുത്തുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിൽ പല വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടുണ്ട്. നേരിട്ട് ഓരോ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം ഇതിനായി ഒരു സംവിധാനം ഉയർന്ന് വരേണ്ട സാഹചര്യമുണ്ട്. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇത് തുടർന്ന് വരികയാണ്. കൂടാതെ ഏകോപനത്തിനായി ഒരു സംവിധാനവും പരിഗണനയിലുണ്ട്.