തിരുവനന്തപുരം :രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിയെ അപലപിച്ച് എഴുത്തുകാരൻ ടി പത്മനാഭൻ. രാഹുൽ ഗാന്ധിയുടെ വായടച്ചതുകൊണ്ട് മതിയാകില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ടെന്നും ടി പത്മനാഭൻ പറഞ്ഞു. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം ശശി തരൂർ എം പിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് ടി പത്മനാഭൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചത്.
രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാൽ നമുക്ക് തോന്നും അവർ ഡൽഹിയിൽ ശാശ്വതമായി വാഴുമെന്ന്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണ്. രാജ്യം ദുരന്തത്തെ നേരിടുകയാണ്. ചരിത്രം ആവർത്തിക്കും. രാഹുൽ ഗാന്ധിയുടെ വായടച്ചത് കൊണ്ട് മാത്രം മതിയാവില്ല. ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശനാളം ഉണ്ട്. ആ പ്രകാശത്തിനായി കാത്തിരിക്കുക, പ്രവർത്തിക്കുകയെന്നും ടി പത്മനാഭൻ പറഞ്ഞു.
രാഷ്ട്രീയം ഭിക്ഷാംദേഹികളുടെ താവളമാകാൻ അനുവദിച്ചുകൂടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. 'മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടര്‍ന്നാണ് നടപടി.
കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലാണെന്ന് നടപടിയില്‍ പറയുന്നു. 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് നടപടിയ്‌ക്ക് ആധാരമായ പരാമർശം. 'നീരവ് മോദിയോ, ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പറഞ്ഞത്.