കേരളം

kerala

ETV Bharat / state

സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ വീണ്ടും

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സിനിമ മേഖലയിലുള്ളവര്‍ പ്രതികരിക്കാത്തത് അമ്പരിപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

shobha surendran facebook post  bjp shobha surendran  hema commission report  ബിജെപി ശോഭാ സുരേന്ദ്രന്‍  കെ.ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്  പൗരത്വ ഭേദഗതി നിയമം  കാസ്റ്റിങ് കൗച്ച്
സിനിമാ പ്രവര്‍ത്തകര്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കാത്തത് അമ്പരപ്പിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

By

Published : Jan 4, 2020, 12:32 PM IST

തിരുവനന്തപുരം:മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സിനിമ മേഖലയില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് അമ്പരപ്പിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ലൈംഗിക ചൂഷണം ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകള്‍ മൊഴി നല്‍കിയെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ പുറത്തു വന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ തെരുവില്‍ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്‌ത പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്‍റെ കാര്യത്തില്‍ വെളിപ്പെട്ടു കാണുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത 'കാസ്റ്റിങ് കൗച്ചു'കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഇതുവരെ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശബ്‌ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ലെന്നതുകൊണ്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടാമെന്ന് സര്‍ക്കാര്‍ കരുതരുത്. അതിന്‍റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടണം. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്‍റെ കാരണവും റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവെക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരുമെന്നും ശോഭ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

ABOUT THE AUTHOR

...view details