തിരുവനന്തപുരം :നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് യഥാസമയം സംസ്ഥാനം റിപ്പോര്‍ട്ട് സമർപ്പിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലജെ (Paddy Procurement report is not submitting on time). പല വികസന വിഷയങ്ങളിലും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സഹകരിക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പല സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. ജല ജീവൻ മിഷന്‍റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി (Shobha Karandlaje Criticizes Kerala Govt).
സഹകരണ അഴിമതിയിൽ കോൺഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതാക്കളും സി പി എം നേതാക്കളും പരസ്‌പരം സംരക്ഷിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും സി പി എമ്മും എതിരാളികളാണെന്ന് പറയുമ്പോഴും ഇന്‍ഡ്യ മുന്നണിയിൽ ഒന്നാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്ത സ്ഥിതിയാണ്. ഇതുമൂലം രോഗബാധിതരായ ആളുകള്‍ ചികിത്സ കിട്ടാതെ മരിക്കുന്നു.
കേരളത്തിലെ നെൽ കർഷകരോട് കേന്ദ്രത്തിന് വിവേചനമില്ല. കർഷകരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് വേർതിരിവുമില്ല. കൃഷി വികാസ് യോജനയിലേക്കുള്ള പ്രൊജക്‌ട് റിപ്പോർട്ട് സംസ്ഥാനം അയക്കുന്നില്ല. കേന്ദ്രം സഹായിക്കാൻ തയ്യാറാണ്. എന്നാല്‍ കേന്ദ്ര സർക്കാർ പദ്ധതികൾ കേരളം വേണ്ടവിധം ഉപയോഗിക്കുന്നില്ല. സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകാത്തത് കൊണ്ടാണ് പണം ലഭിക്കാത്തത്. പദ്ധതികൾ ദുരുപയോഗം ചെയ്യുകയുമാണെന്നും ശോഭ കരന്ദ്‌ലജെ പറഞ്ഞു.