തിരുവനന്തപുരം: നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. നിയമനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങുകയുള്ളു എന്നും യൂണിയനുകള്‍ വ്യക്തമാക്കി. തീരുമാനം സ്വാഗതാര്‍ഹമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണ്. ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്. പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിന് മുന്‍പിലുണ്ടായ സംഭവം ഒറ്റപ്പെട്ടത്
തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിലേക്ക് എത്തിച്ച ഉപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നതിന് നോക്കുകൂലിയും അമിതകൂലിയും ചോദിച്ചതില്‍ വലിയ ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം, സംഭവത്തില്‍ ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായവരല്ല തെറ്റായ നിലപാട് സ്വീകരിച്ചത് എന്നാണ് മന്ത്രിയുടെ വിശദീകരണം.
പ്രാദേശികമായി ഒരു സംഘം ആളുകള്‍ ചെയ്ത കുറ്റത്തിന് ചുമട്ടുതൊഴിലാളികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന വിധത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വിഭാഗത്തെ മൊത്തം ആക്ഷേപിക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ ഇടയാക്കുന്നു എന്നത് ട്രേഡ് യൂണിയനുകള്‍ വളരെ ജാഗ്രതയോടെ കാണണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
കൂടുതല്‍ വായനക്ക്: സംസ്ഥാനത്ത് 22,182 പേര്‍ക്ക് കൂടി COVID-19 ; 178 മരണം
ചുമട്ട് തൊഴിലാളി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജോലികള്‍ ക്രമീകരിക്കുകയും തെറ്റായ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കുവാന്‍ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയും, കിലെയുടെ നേതൃത്വത്തിലും ജില്ല - പ്രാദേശിക തലങ്ങളിലും സ്ഥാപന അടിസ്ഥാനത്തിലും തൊഴിലാളികള്‍ ചെയ്യേണ്ട ജോലികളെ സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ നടത്തും. വര്‍ത്തമാനകാലത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചുമട്ടുതൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.