കേരളം

kerala

ETV Bharat / state

Kerala DGP | ഡിജിപിയായി ചുമതലയേറ്റ് ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വരവേല്‍പ്പ് - anilkanth

മുൻ ഡിജിപി അനിൽകാന്ത് ഇന്ന് വിരമിച്ച സാഹചര്യത്തിൽ പുതിയ പൊലീസ് മേധാവിയായി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു

dgp  അനിൽകാന്ത്  സംസ്ഥാന പൊലീസ് മേധാവി  ഷെയ്‌ഖ് ദര്‍വേഷ് സാഹിബ്  ഡിജിപി  പുതിയ മേധാവി  new dgp  sheikh darvesh saheb  anilkanth  ips
Kerala DGP

By

Published : Jun 30, 2023, 8:44 PM IST

ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേൽക്കുന്നു

തിരുവനന്തപുരം :സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പുതിയ ഡിജിപിയെ വരവേറ്റത്. വിരമിച്ച ഡിജിപി അനില്‍കാന്ത് പുതിയ മേധാവിക്ക് ചുമതല കൈമാറി.

പിന്നാലെ പുതിയ ഡിജിപിക്ക് അധികാര ദണ്ഡും കൈമാറി. 1990 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗം ഡയറക്‌ടര്‍ ജനറലായിരിക്കെയാണ് പൊലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വീസ് ആരംഭിച്ച ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്‌ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ജോലി നോക്കിയിട്ടുണ്ട്.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്‍റ് ഡയറക്‌ടറും ഡെപ്യൂട്ടി ഡയറക്‌ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റേഞ്ച്, തൃശൂര്‍ റേഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാദമി ഡയറക്‌ടറായും പ്രവര്‍ത്തിച്ചു.

എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്‌ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പടെ പരിശീലനം നേടിയിട്ടുണ്ട്. അഗ്രിസയൻസിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്‌ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി.

വിശിഷ്‌ട സേവനത്തിന് 2016 ല്‍ രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും സ്‌ത്യുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്‌കൃഷ്‌ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവയും നേടിയിട്ടുണ്ട്. സീനിയോറിറ്റിയില്‍ കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്‌ഖ് ദര്‍വേഷ് സാഹിബിനെ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചത്.

also read :'പൊലീസ് നമ്പര്‍ വണ്‍, കേരളത്തില്‍ ക്രമസമാധാനം നിലനില്‍ക്കുന്നത് സേനാംഗങ്ങളുടെ പരിശ്രമത്തിലൂടെ'; ഡിജിപി അനിൽകാന്ത്

സൗമ്യമായ പെരുമാറ്റവും വിവാദങ്ങളില്ലാത്ത ക്ലീന്‍ ഇമേജുമാണ് ഷെയ്‌ഖ് ദര്‍വേഷ് സാഹിബിന്‍റെ പ്രത്യേകത. രാവിലെ വിരമിച്ച ഡിജിപി അനില്‍കാന്തിന് പൊലീസ് പ്രത്യേക വിടവാങ്ങല്‍ പരേഡ് നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാളില്‍ അനില്‍കാന്തിനും സര്‍വീസില്‍ നിന്ന് വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയിക്കും പ്രത്യേക യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു.

ഡിജിപിയും ചീഫ് സെക്രട്ടറിയും ഒരേ ദിവസം വിരമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. വി.പി.ജോയിക്ക് പകരം വി.വേണുവിനെയാണ് പുതിയ ചീഫ്‌ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇന്ന് വി.വേണുവും ചുമതലയേറ്റെടുത്തു. 1990 ബാച്ച് ഐഎഎസ് ഉദ്യാഗസ്ഥനാണ് വി.വേണു.

ABOUT THE AUTHOR

...view details