തിരുവനന്തപുരം : സ്വന്തം നിലയില്‍ ജില്ലകളില്‍ പര്യടനവുമായി മുന്നോട്ടുനീങ്ങുന്ന ശശി തരൂരിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാതെ കോണ്‍ഗ്രസ്. പരിക്കുകളും വിവാദങ്ങളുമില്ലാതെ പ്രശ്‌നം പരിഹരിക്കുക എന്ന തന്ത്രപരമായ സമീപനമാണ് കെപിസിസി അച്ചടക്ക സമിതിയും എഐസിസിയും സ്വീകരിച്ചത്. കേരളത്തിലെ പ്രശ്‌നം ഇവിടെ തന്നെ പരിഹരിക്കണമെന്ന നിലപാട് എഐസിസി സ്വീകരിക്കുക കൂടി ചെയ്‌തതോടെ തരൂര്‍ വിഷയത്തിലെ വിവാദങ്ങള്‍ ആര്‍ക്കും കേടില്ലാതെ അവസാനിപ്പിക്കുക കൂടിയാണ് പാര്‍ട്ടി നേതൃത്വം.
ശശി തരൂരിന് ഏത് ജില്ലകളിലും പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ കെപിസിസി അച്ചടക്ക സമിതി വ്യക്തമാക്കി. എന്നാല്‍ അതാത് ഡിസിസികളുമായി ആലോചിച്ചും പാര്‍ട്ടി രീതികളുമായി യോജിച്ചുമായിരിക്കണം തരൂരിന്‍റെ പ്രവര്‍ത്തനം. ഇത് പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണെന്ന കാര്യം തരൂരിനെ അറിയിക്കും.
മുതിര്‍ന്ന നേതാക്കളടക്കം ഇക്കാര്യങ്ങള്‍ പാലിച്ചാണ് മുന്നോട്ടുപോകുന്നത്. അങ്ങനെ അല്ലാതെയുള്ള മുന്നോട്ടുപോക്ക് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് സമിതി വിലയിരുത്തി. പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും തരൂരിനെതിരെ കര്‍ശന നിലപാടല്ല സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ഏത് എംപിക്കും എവിടെയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് തടസമില്ലെന്നും എന്നാല്‍ അവര്‍ പാര്‍ട്ടി രീതികള്‍ക്ക് വിധേയമായി വേണം മുന്നോട്ടുപോകാനെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി താരിഖ് അന്‍വര്‍ ചര്‍ച്ചയും നടത്തി. അതേസമയം പാര്‍ട്ടി നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ നേതാക്കളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും കൂടിക്കാഴ്‌ച നടത്തുകയും ചെയ്യുന്നതിലെ അനൗചിത്യം ഘടക കക്ഷികളെ കോണ്‍ഗ്രസ് നേതൃത്വം അറിയിക്കും. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലും ജനുവരി 2ന് പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിലും തരൂരിന് പങ്കെടുക്കാം.
അതിനിടെ യൂത്ത് കോണ്‍ഗ്രസ് ഈരാറ്റുപേട്ട സമ്മേളനത്തിന്‍റെ പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതിനുപിന്നാലെ ഇന്ന് അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്ളക്‌സ് ബോര്‍ഡുകള്‍ അവിടെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഴ തോര്‍ന്നാലും മരം പെയ്യുമെന്ന നിലയില്‍ വിവാദങ്ങള്‍ തുടരാനാണ് സാധ്യത.