തിരുവനന്തപുരം:സ്വന്തം മണ്ഡലത്തിലെ യുഡിഎഫ് സമരങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. കത്ത് വിവാദത്തിൽ 19 ദിവസമായി യുഡിഎഫ് കൗൺസിലർമാർ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമര പന്തലിൽ ശശി തരൂർ എത്തി. കേരളത്തിൽ മലബാർ പര്യടനമടക്കം നടത്തി സജീവമാകുമ്പോഴാണ് തിരുവനന്തപുരത്തെ സമരത്തിൽ തരൂരില്ലെന്ന വിമർശനം കോൺഗ്രസിനുള്ളിൽ തന്നെ ഉയർന്നത്.
വിമർശനങ്ങളുടെ മുനയൊടിച്ച് നഗരസഭയ്ക്ക് മുന്നിലെ യുഡിഎഫ് സമരത്തിൽ പങ്കെടുത്ത് ശശി തരൂർ - തിരുവനന്തപുരം കോർപ്പറേഷനിൽ ശശി തരൂർ
കത്ത് വിവാദത്തിൽ 19 ദിവസമായി യുഡിഎഫ് കൗൺസിലർമാർ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമര പന്തലിലെത്തി ശശി തരൂർ.
ഇന്നലെ തിരുവനന്തപുരത്തെത്തിയ തരൂർ രാവിലെ തന്നെ കോർപ്പറേഷന് മുന്നിലെ സമരപ്പന്തലിലെത്തി. പ്രസംഗത്തിലും തനിക്കെതിരെ ഉയർന്ന വിമർശനത്തിന് തരുർ മറുപടി നൽകി. മേയർ രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അത് ചിലർ മറന്ന് പോയതാണെന്നും തരൂർ പറഞ്ഞു.
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നതിന് പിന്നിലെ കാര്യങ്ങൾ എണ്ണി പറഞ്ഞാണ് തരൂർ പ്രസംഗം അവസാനിപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് പാലോട് രവി കെപിസിസി ഭാരവാഹികളടക്കം തരൂരിനൊപ്പം സമരത്തിൽ പങ്കെടുത്തു. രാവിലെ തന്നെ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തരൂരിൻ്റെ ചിത്രവുമായി പുതിയ ബോർഡും സ്ഥാപിച്ചിരുന്നു.