തിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ കേരളത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാരും തന്നെ ശശി തരൂരിനെ പിന്തുണയ്‌ക്കാനോ നേരില്‍ കാണാനോ പോലും തയാറാകാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ല എന്ന് എ.ഐ.സി.സി നേതൃത്വം പറയുന്നുണ്ടെങ്കിലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്ക് ഒപ്പം എന്ന സന്ദേശം തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ വ്യക്തമായി തന്നെ ഈ നിലപാട് താഴെ തട്ടിലുള്ളവരെ അറിയിച്ചിട്ടുണ്ട്.
തരൂരിനെ കാണാനോ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനോ കോണ്‍ഗ്രസിലെ ആരും ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ശശി തരൂരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തില്ല. തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ ഒരു നേതാവ് പോലും സ്വീകരിക്കാനില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്.
മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും നിലാപാട് ഖാര്‍ഗെയ്‌ക്ക് ഒപ്പമാണെന്ന് പരസ്യമാക്കുകയും ചെയ്‌തു. പൂര്‍ണ്ണമായും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിന് എതിരായ നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്.