തിരുവനന്തപുരം:പാറശാല ഷാരോൺ രാജ് വധക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. പ്രതി ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ കലർത്തി നൽകിയ കീടനാശിനിയുടെ കുപ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്‌മയുടെ വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കണ്ടെടുത്തു.
കീടനാശിനി കളയാൻ ഉപയോഗിച്ച സ്‌കൂട്ടർ പൊലീസ് പിടിച്ചെടുത്തു. ഗ്രീഷ്‌മയുടെ വീട് പൊലീസ് സീൽ ചെയ്‌തു. എന്നാൽ ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്ന് ലഭിച്ച ലേബല്‍ കാപ്പിക്യുവിന്‍റേതല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മറ്റൊരു കീടനാശിനിയുടെ ലേബലാണെന്നാണ് നിഗമനം.
മറ്റ് കീടനാശിനികള്‍ ഗ്രീഷ്‌മ ഷാരോണിന് നല്‍കിയിരുന്നോ എന്ന് പരിശോധിക്കും. കേസില്‍ പൂവാറിലെ ആയുര്‍വേദ ആശുപത്രിയിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഗ്രീഷ്‌മയുടെ അമ്മ കഷായം വാങ്ങിയ ഗായത്രി ആശുപത്രിയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്‌മ വിഷം കലര്‍ത്തിയത്.
തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്‌റ്റേഷനിലെത്തിച്ചു. പാറശാല രാമവര്‍മൻചിറയിലെ ഗ്രീഷ്‌മയുടെ വീടിന് അടുത്തുള്ള കുളത്തിന് സമീപത്ത് നിന്ന് അമ്മാവൻ നിർമൽ കുമാറാണ് വിഷക്കുപ്പി പൊലീസിന് കാണിച്ചുകൊടുത്തത്. ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ എത്തിച്ച് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവുകൾ നശിപ്പിച്ചതിനാണ് ഇരുവരെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്‌തത്. ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read: ഗ്രീഷ്‌മ വിഷം നല്‍കിയ കുപ്പി കണ്ടെടുത്തു: തെളിവ് പൊലീസിന് കാണിച്ചു കൊടുത്തത് അമ്മാവൻ