കേരളം

kerala

ETV Bharat / state

ഷാരോണ്‍ രാജ് വധം : ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ വിചാരണ കോടതിക്ക് കൈമാറി ഉത്തരവ്, ഏപ്രില്‍ 28ന് വാദം - ഒന്നാം പ്രതി ഗ്രീഷ്‌മ

ഷാരോണ്‍ വധക്കേസിന്‍റെ വിചാരണ നടപടികള്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇവിടേക്ക് മാറ്റിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

Court News  Sharon Raj murder case  Greeshma bail application in court  Greeshma  Sharon Raj murder  ഷാരോണ്‍ രാജ് വധം  ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ  നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതി  ഒന്നാം പ്രതി ഗ്രീഷ്‌മ  ഷാരോണ്‍ രാജ്
ഷാരോണ്‍ രാജ് വധം

By

Published : Apr 19, 2023, 9:36 AM IST

Updated : Apr 19, 2023, 11:24 AM IST

തിരുവനന്തപുരം : ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിചാരണ കോടതിക്ക് കൈമാറി ഉത്തരവ്. കേസിന്‍റെ വിചാരണ നടപടികൾ നെയ്യാറ്റിൻകര അഡിഷണല്‍ സെഷൻസ് കേടതിയിലാണ് നടക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് വിചാരണ കോടതിക്ക് കൈമാറിയത്.

കേസില്‍ ഗ്രീഷ്‌മ, അമ്മ, അമ്മാവന്‍ എന്നിവരാണ് പ്രതികള്‍. കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകൽ (364), വിഷം നൽകി കൊലപ്പെടുത്തൽ (328), തെളിവുനശിപ്പിക്കൽ(201), കുറ്റം ചെയ്‌തത് മറച്ചുവയ്ക്കൽ (203) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏപ്രിൽ 28ന് നെയ്യാറ്റിൻകര അഡിഷണല്‍ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വാദം പരിഗണിക്കും.

2022 ഒക്ടോബ‌ർ​ 14​നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്‌മ, ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്ന ഷാരോണ്‍ രാജിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ചി​കി​ത്സ​യി​ലി​രി​ക്കെ​ ​നവംബർ 25ന് ​ഷാ​രോ​ൺ​ ​മരണത്തിന് കീഴടങ്ങി. ഷാരോണും ഗ്രീഷ്‌മയും ഏറെനാളായി പ്രണയത്തിലായിരുന്നു.

പട്ടാളക്കാരനായ മറ്റൊരു യുവാവുമായി ഗ്രീഷ്‌മയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആദ്യം വിവാഹം ചെയ്യുന്ന ഭര്‍ത്താവ് മരിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന് മൊഴി ലഭിച്ചത്. ഷാരോണ്‍ രാജ് വെട്ടുകാട് പള്ളിയില്‍ വച്ച് ഗ്രീഷ്‌മയ്‌ക്ക് കുങ്കുമം ചാര്‍ത്തുകയും വീട്ടിലെത്തി താലി കെട്ടുകയും ചെയ്‌തുവെന്ന് ഷാരോണിന്‍റെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സാധൂകരിക്കുന്ന വീഡിയോകളും ഷാരോണും ഗ്രീഷ്‌മയും എടുത്ത് സൂക്ഷിച്ചിരുന്നു.

റക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പം ഗ്രീഷ്‌മയുടെ വീട്ടിലെത്തിയ ഷാരോണ്‍ തിരിച്ചെത്തിയത് ദേഹാസ്വാസ്ഥ്യത്തോടെയായിരുന്നു. ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്നിറങ്ങിയതുമുതല്‍ ഷാരോണ്‍ തുടര്‍ച്ചയായി ഛര്‍ദിച്ചിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വ്യക്തമാക്കി. ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്ന് കുടിച്ച കഷായവും ജ്യൂസുമാണ് ഷാരോണിന്‍റെ ആരോഗ്യം മോശമാകാന്‍ കാരണം. ഇത് തെളിയിക്കുന്ന തരത്തില്‍ ഷാരോണും ഗ്രീഷ്‌മയും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.

എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയത്. നേരത്തെയും ചലഞ്ചെന്ന പേരില്‍ ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വച്ചും ഗ്രീഷ്‌മ ജ്യൂസ് നല്‍കിയിരുന്നു. അന്ന് ഡോളോ ഗുളിക കലര്‍ത്തിയാണ് ഗ്രീഷ്‌മ ഷാരോണിന് ജ്യൂസ് നല്‍കിയത്. കോളജില്‍ ഗ്രീഷ്‌മയെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

അതേസമയം ഷാരോണിന്‍റെ കൈവശം നന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇത് പ്രതിശ്രുത വരന് അയയ്‌ക്കുമെന്ന് ഭയന്നിരുന്നു എന്നും ഗ്രീഷ്‌മ പൊലീസിന് മൊഴി നല്‍കി. നിരവധി തവണ ചിത്രങ്ങള്‍ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയില്ലെന്നും ആത്‌മഹത്യാഭീഷണി മുഴക്കിയിട്ടുപോലും അവ നല്‍കാന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും ഗ്രീഷ്‌മ പറഞ്ഞു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നായിരുന്നു ഗ്രീഷ്‌മയുടെ വാദം. ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ വച്ച് പെണ്‍കുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചിരുന്നു.

Last Updated : Apr 19, 2023, 11:24 AM IST

ABOUT THE AUTHOR

...view details