തിരുവനന്തപുരം:പാറശാല ഷാരോൺ രാജ് കൊലപാതക കേസിൽ പ്രതി ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പൊലീസ്. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജോൺസണിന്‍റെ നേതൃത്വത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന ഗ്രീഷ്‌മയുടെ മൊഴിയെടുക്കാൻ മജിസ്‌ട്രേറ്റ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഷാരോണിന്‍റെ കൊലപാതകം; ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പൊലീസ് - തിരുവനന്തപുരം
പാറശാല ഷാരോൺ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പൊലീസ്
അറസ്‌റ്റിനെ തുടർന്ന് കസ്‌റ്റഡി അപേക്ഷ ഉടൻ തന്നെ അന്വേഷണസംഘം സമർപ്പിക്കും. ഗ്രീഷ്‌മയെ ഇന്ന് രാവിലെയോടെ അറസ്‌റ്റ് ചെയ്‌ത് തെളിവെടുക്കാനായിരുന്നു പൊലീസിന്‍റെ നീക്കം. എന്നാൽ ഇതിനിടയിലാണ് നെടുമങ്ങാട് ഡിവൈഎസ്‌പി ഓഫിസിലെ ശുചിമുറിയിൽ വച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്‌മ ആത്മഹത്യക്ക് ശ്രമിക്കുന്നത്. തുടർന്ന് ഗ്രീഷ്‌മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതാണ് അറസ്റ്റ് വൈകാൻ കാരണം.
ഗ്രീഷ്‌മയെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരാൻ അനുവദിക്കുമോ, പൊലീസ് കസ്റ്റഡിയിൽ വിടുമോ, തെളിവെടുപ്പ് എന്നുണ്ടാകും എന്നതടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകും. ഗ്രീഷ്‌മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ ഗ്രീഷ്‌മയുടെ അമ്മയേയും അച്ഛനെയും അമ്മാവനെയും ബന്ധുവായ യുവതിയേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യൽ.