തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം തീരവും റോഡും പുനർനിർമിക്കാനുള്ള പദ്ധതി തുടങ്ങി. രണ്ടു ഘട്ടമായി തീരത്തിന്‍റെ സൗന്ദര്യം വീണ്ടെടുക്കുന്നതാണ് പദ്ധതി. ശക്തമായ തിരമാലകളെ അതിജീവിക്കുന്ന കോൺക്രീറ്റ് കടൽഭിത്തിയുടെ നിർമാണമാണ് ആദ്യഘട്ടം. തലസ്ഥാന നഗരത്തിലെ പ്രശസ്‌തമായ ശംഖുമുഖം ബീച്ചിൽ ഇപ്പോൾ സന്ദർശകരുടെയും കച്ചവടക്കാരുടെയും തിരക്കും ബഹളവുമില്ല. കൊറോണക്കാലത്തിനും മുമ്പേ തീരം കടലെടുത്തു തുടങ്ങിയിരുന്നു. തീരത്തോടു ചേർന്ന് വിമാനത്താവളത്തിലേക്ക് നീളുന്ന രണ്ടുവരിപ്പാതയും ഇടിഞ്ഞു.
ശംഖുമുഖം തീരവും റോഡും പുനർനിർമാണ പദ്ധതിക്ക് തുടക്കമായി - Coast and Road renovation reconstruction project began
4.29 കോടി രൂപ ചെലവിൽ ഡയഫ്രം വാൾ നിർമിക്കാനാണ് തീരുമാനം.
പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ വള്ളവും വലയും കട്ടമരവുമൊക്കെ സൂക്ഷിച്ചിരുന്ന മണൽപ്പരപ്പ് ഇപ്പോൾ വെള്ളത്തിനടിയിലാണ്. ഓഖി ചുഴലിക്കാറ്റും പ്രളയങ്ങളും മൂലമുണ്ടായ കടൽക്ഷോഭത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 480 മീറ്റർ ദൂരമാണ് ഇങ്ങനെ കടലെടുത്തു പോയത്. കടൽക്ഷോഭത്തെയും അതിജീവിക്കുന്ന സാങ്കേതികവിദ്യ മാത്രമേ ശംഖുമുഖത്ത് ഇനി നിലനിൽക്കൂ. 4.29 കോടി രൂപ ചെലവിൽ ഡയഫ്രം വാൾ നിർമിക്കാനാണ് തീരുമാനം. തിരയുടെ വേഗവും തീവ്രതയും കണക്കാക്കി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഡയഫ്രം വാൾ രൂപകൽപന ചെയ്‌തിരിക്കുന്നത്.
നിലവിലെ റോഡിൽ നിന്ന് ആറു മീറ്റർ ഉളളിലേക്കു മാറി 50 സെന്‍റീമീറ്റർ വീതിയിലാണ് കടൽഭിത്തി നിർമിക്കുക. ഇതിനെ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് കരയുമായി ബന്ധിപ്പിക്കും. രണ്ടാം ഘട്ടത്തിൽ കോൺക്രീറ്റ് ഭിത്തി വരെ മണ്ണു നിറച്ച് റോഡും തീരവും പുനർനിർമിക്കും. സ്വാഭാവികമായി മണ്ണടിഞ്ഞ് തീരം വീണ്ടും രൂപപ്പെടുന്ന സാങ്കേതികവിദ്യയും പരിഗണിക്കുന്നുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. കടൽ 20 മീറ്ററെങ്കിലും ഉള്ളിലേക്ക് വലിഞ്ഞാലേ വലിയ യന്ത്രങ്ങൾ ഇവിടെ എത്തിച്ച് ഉപയോഗിക്കാനാവൂ. നിർമാണം ആരംഭിക്കാൻ കാലാവസ്ഥ അനുകൂലമാകുന്നതുവരെ കരാറുകാർ കാത്തിരിക്കേണ്ടി വരും.