തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ജയിലിൽ ആക്കിയത് കൊണ്ടൊന്നും അദ്ദേഹം ആഹ്വാനം ചെയ്‌ത സമരപരമ്പര നിന്ന് പോകില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ (Shafi Parambil on Rahul Mamkootathils arrest). സമര പരമ്പരയ്ക്ക് തുടക്കം ഇവിടെ കുറിക്കുകയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (Youth Congress March).
തീവ്രവാദിയെ അറസ്റ്റ് ചെയ്യും പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് നാടകത്തിന്‍റെ ഉദ്ദേശം യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് നോക്കിയിരുന്നോ എന്ന സന്ദേശം ആയിരുന്നോ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കോളർ പിടിച്ച പൊലീസുകാർ തമ്പ്രാക്കളെ തൃപ്‌തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ മര്യാദയ്ക്ക് ശമ്പളം വാങ്ങില്ല.
പിണറായി വിജയന് അടിമ പണി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പേരകുട്ടിക്ക് പാലും ബിസ്ക്കറ്റും വാങ്ങിയാൽ മതി. വാ മോനെ ആർഷോ എന്ന് വിളിച്ചപ്പോ അലിഞ്ഞ എസ് എഫ് ഐക്കാർക്ക് സിപിഎം സംസ്ഥാന സെക്രട്ടറി ക്ലാസ് എടുത്താൽ മതി. യൂത്ത് കോൺഗ്രസുകാരോട് വേണ്ടന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മെഡിക്കൽ ആനുകൂല്യം വേണ്ട ജയിലിൽ പോകാൻ തയ്യാറാണ് എന്നാണ് രാഹുൽ പറഞ്ഞത്.
എന്നാൽ പരിശോധന നടത്തിയത് ഡോക്‌ടർമാരുടെയും പാർട്ടിയുടെയും നിർദേശം മൂലമാണെന്നും മെഡിക്കൽ റിപ്പോർട്ട് കൊടുത്ത ഡോക്‌ടറെ രാഷ്ട്രീയത്തിലുള്ളവർ സ്വാധീനിച്ചുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.