തിരുവനന്തപുരം :നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. നഗരസഭയിൽ ഉണ്ടായ വിവാദം തങ്ങൾ ഉണ്ടാക്കിയതല്ല. മേയർ പാലിക്കേണ്ട മിനിമം മര്യാദകൾ പോലും കാറ്റിൽ പറത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തിന്‍റെ ഉറവിടം ആര്യ രാജേന്ദ്രൻ തന്നെയാണ്. കത്തയച്ചവർ മറവി രോഗം ബാധിച്ചതുപോലെ പ്രതികരിക്കുന്നു. കത്ത് കണ്ടില്ല, അയച്ചില്ല, സ്ഥലത്തില്ല എന്നൊക്കെയാണ് പറയുന്നത്.
ഷാഫി പറമ്പിൽ എംഎൽഎ മാധ്യമങ്ങളോട് മറുപടിയായി ഞങ്ങളുടെ ശുപാർശ കത്തുകൾ പുറത്തുവിടുകയാണ്. എന്‍റെ പേരിൽ പുറത്തുവന്ന കത്ത് ഞാന്‍ ആണ് അയച്ചതെങ്കിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലേക്ക് ഏത് കാലത്താണ് പിഎസ്‌സി വഴി നിയമനം നടത്തിയതെന്ന് പരിശോധിച്ചാല്‍ മതി.
Also read: കത്ത് വിവാദത്തിൽ കത്തിപ്പടർന്ന് തലസ്ഥാനം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും കണ്ണീർ വാതകവും
ഇത് സർക്കാർ നോമിനേറ്റ് ചെയ്യുന്ന പദവി ആണ്. അതും കോർപറേഷൻ കത്തും ഒരുപോലെ ആണെന്ന് കരുതരുത്. മേയറുടെ കത്ത് വ്യാജമെങ്കിൽ അത് കണ്ടെത്താൻ താമസം എന്താണെന്നും ഷാഫി ചോദിച്ചു. അടുത്ത തിരക്കഥ അണിയറയിൽ ഒരുക്കുകയാണ്. മേയർ ഒരു നാണവുമില്ലാതെ പദവിയിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുകയാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.