തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച് അവശനാക്കിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ നടപടി വിമാനയാത്ര സംബന്ധിച്ച് പാലിക്കേണ്ട നടപടികളുടെ ലെവല്‍-2 അനുസരിച്ചുള്ള ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ജയരാജന് വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍ക്കും, വ്യോമയാന ഡയറക്‌ടർ ജനറലിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കും. ഇത്തരം മാനസിക വിഭ്രാന്തിയുളളവരെ വിമാന യാത്ര നടത്താന്‍ അനുവദിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചാല്‍ അതെങ്ങനെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കലാകുന്നതെന്ന് ജയരാജന്‍ വ്യക്തമാക്കണം. രണ്ടുവരി പ്രതിഷേധം കേട്ടാല്‍ മരിച്ചു വീഴുന്നതാണ് കേരളത്തിലെ മുഖ്യമന്ത്രിയെങ്കില്‍ ഇനിയും പല തവണ മുഖ്യമന്ത്രിക്ക് മരിക്കേണ്ടിവരും. വിമാനത്തിനുള്ളില്‍ അക്രമം നടത്തിയതിന് കേസെടുക്കുന്നെങ്കില്‍ അത് ജയരാജനെതിരെ ആയിരിക്കണം.
ALSO READ: 'മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്, തള്ളിത്താഴെയിട്ട് ചവിട്ടിക്കൂട്ടിയ ജയരാജനെതിരെയാണ് എടുക്കേണ്ടത് : വി.ഡി സതീശൻ
തികച്ചും സമാധാനപരമായ പ്രതിഷേധം മണ്ണിലും വിണ്ണിലും തുടരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരത്തിന്‍റെ പേരില്‍ ഒരിടത്തും സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയോ പൊതു മുതല്‍ നശിപ്പിക്കുകയോ ചെയ്‌തിട്ടില്ല. മുഖം മറച്ച് കൊണ്ട് യൂണിവേഴ്‌സിറ്റി കോളജ് കേന്ദ്രമാക്കി പെട്രോള്‍ ബോംബെറിയുകയും, പൊലീസുകാരുടെ തല ഇഷ്‌ടിക കൊണ്ട് തല്ലി തകര്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ എവിടെയും ചെയ്‌തിട്ടില്ല.
ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുവരെ ഒരു ചോദ്യമുന്നയിക്കാനുള്ള അവസരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിട്ടില്ല. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് പറയുന്നില്ല. എന്നാല്‍ സ്വപ്‌ന വെളിപ്പെടുത്തല്‍ നടത്തിയ ശേഷം രണ്ട് എ.ഡി.ജി.പിമാര്‍ എന്തിന് അവരുമായി ബന്ധപ്പെട്ട് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. തിരുവനന്തപുരം വിജിലന്‍സ് അന്വേഷിക്കുന്ന കേസില്‍ എന്തിന് പാലക്കാട് വിജിലന്‍സ് ഫോണ്‍ കസ്റ്റഡിയില്‍ എടുത്തൂവെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി ഉണ്ടായേ മതിയാകുവെന്നും അതുകൊണ്ടാണ് പ്രതിഷേധം തുടരുന്നതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.