ഷാഫി പറമ്പില്‍ പ്രതികരിക്കുന്നു തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ തകർക്കുക എന്നതാണ് അടിയന്തര പ്രമേയം അവതരണ അനുമതി നിഷേധിക്കുന്നതിലൂടെ ഭരണപക്ഷം ആഗ്രഹിക്കുന്നതെന്നും സ്‌പീക്കര്‍ ഇതിന്‍റെ ഇടനിലക്കാരന്‍ ആകുന്നു എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തുക എന്നത് നരേന്ദ്ര മോദി സ്റ്റൈലാണന്നും കേരളത്തിൽ അത് അനുവദിക്കില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. കെഎസ്ആർടിസി, സ്‌ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ സബ്‌മിഷൻ ആയല്ല ചർച്ച ചെയ്യേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരിച്ച് ചോദ്യങ്ങൾ കേട്ട് ശീലമുള്ള ആളല്ല പിണറായി വിജയനെന്നും വാർത്ത സമ്മേളനങ്ങളിലെ രീതി സഭയിൽ നടക്കുന്നില്ല, ഇതിന് സ്‌പീക്കർ ഓഫിസ് സെക്രട്ടറിയുടെ വേഷം ധരിക്കുന്നതുമാണ് സഭയിൽ കാണുന്നതെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. നിയമസഭയിൽ നടന്ന പ്രതിഷേധത്തിൽ സ്‌പീക്കറെ തടയുക എന്ന ഒരു ഉദ്ദേശം ഇല്ലായിരുന്നു എന്നും പ്രതിഷേധത്തെ ഭരണപക്ഷം അക്രമിക്കുകയായിരുന്നു അദ്ദേഹം ആരോപിച്ചു. സ്‌പീക്കറുടെ ഓഫിസിന്‍റെ മുന്നിലെ സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെടരുതെന്നും അവ മാധ്യമങ്ങൾക്ക് നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഹോസ്‌പിറ്റൽ സൂപ്രണ്ടും ഡോക്‌ടറും കെപിസിസി ഭാരവാഹി അല്ലെന്നും കെകെ രമയുടെ കൈയ്‌ക്ക് പരിക്കേറ്റത് വ്യാജമാണെങ്കിൽ ഭരണപക്ഷം മറുപടി പറയേണ്ടിവരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സഭ ടിവിയിലെ ദൃശ്യങ്ങൾ ഭരണപക്ഷത്തിന് വേണ്ടി മാത്രമായി പ്രവർത്തിക്കുകയും പ്രതിപക്ഷത്തെ പൂർണമായി ഒഴിവാക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിലെ ദൃശ്യങ്ങൾ കണ്ടാൽ അത് മനസിലാകുമെന്നും ഷാഫി പറമ്പിൽ ചൂണ്ടികാട്ടി.
സ്‌പീക്കര്‍ ഓഫീസിന് മുന്നിലെ സംഘര്‍ഷം:ബുധനാഴ്‌ചയാണ് സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍റ് വാര്‍ഡുമാരും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ ഇത്തരമാെരു ഏറ്റുമുട്ടല്‍. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തന്നെ വാച്ച് ആന്‍റ് വാര്‍ഡ് മര്‍ദിച്ചു എന്ന മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രകോപിതരാകുകയും വാച്ച് ആന്‍റ് വാര്‍ഡുമായി ഏറ്റുമുട്ടുകയും ആയിരുന്നു. ഇതിനിടെ ഓഫിസിലെത്തിയ സ്‌പീക്കര്‍ക്ക് സംരക്ഷണം സംഘര്‍ഷത്തില്‍ സനീഷ് കുമാര്‍ ജോസഫ്, ടിവി ഇബ്രാഹിം, കെകെ രമ, എം വിന്‍സെന്‍റ്, എകെഎം അഷ്‌റഫ് എന്നീ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റിരുന്നു.
എംഎല്‍എമാര്‍ക്കെതിരെ കേസ്: എച്ച് സലാം, സച്ചിന്‍ ദേവ് എന്നീ ഭരണപക്ഷ എംഎല്‍എമാര്‍ തങ്ങളെ ആക്രമിച്ചു എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും എതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കലാപ ശ്രമമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം പ്രതിപക്ഷ അംഗങ്ങളെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് എച്ച് സലാമും സച്ചിന്‍ ദേവും രംഗത്തു വന്നു. പ്രതിപക്ഷം നടത്തുന്നത് കള്ള പ്രചരണമാണെന്ന് ഇരുവരും ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംസാരിച്ചതിന് തങ്ങളെ ടാഗര്‍ഗറ്റ് ചെയ്യുകയാണെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു.