തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷഫീഖിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ആര്യനാട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പ്രതി പിടിയിലായത്. പണികള്‍ നടക്കുന്ന വീട്ടില്‍ രണ്ട് പേരെ കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്‌തു.
പിന്നാലെ പ്രതികള്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ച ശേഷം കിണറ്റിലിട്ടു. വീട്ടുടമയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷെഫീഖിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ഷമീർ, ഷഫീഖ് എന്നിവരെ പിടികൂടാനായി പൊലീസ് കണിയാപുരത്ത് ഇവരുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് പൊലീസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ ഷമീറിനെയും ഇവരുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ മറ്റൊരു പ്രതിയായ ഷഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പിന്തിരിപ്പിക്കാന്‍ വന്‍ ഭീകരാന്തരീക്ഷവും പ്രതികള്‍ സൃഷ്‌ടിച്ചിരുന്നു. പൊലീസിന് നേരെ പ്രതികള്‍ മഴുവും എറിഞ്ഞു. കസ്റ്റഡിയില്‍ വച്ച് ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു.
സെല്ലിനുള്ളില്‍ വച്ച് ഇയാള്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വന്തമായി മുറിവേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് ആശുപത്രിയിലേക്കും മാറ്റി. ഒളിവില്‍ പോയ ഷഫീഖിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ഇയാള്‍ ഇന്ന് ആര്യനാട് നിന്നും പിടിയിലായത്.