തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ അന്വേഷണത്തിന് സിപിഎം. ഇതിനായി ഡികെ മുരളി, പുഷ്‌പലത എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സംഭവത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാരായ ഐ ബി സതീഷും ജി സ്‌റ്റീഫനും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ആൾമാറാട്ടത്തിൽ പങ്കില്ലെന്നും അന്വേഷിക്കണമെന്നുമായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കോളജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്. ഇതോടൊപ്പം തട്ടിപ്പ് അന്വേഷിക്കാൻ കോളജ് മാനേജമെന്‍റും മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതിനൊപ്പം തന്നെ കോളജ് മാനേജ്മെന്‍റിനോട് സർവകലാശാല സിൻഡിക്കേറ്റ് ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുത്ത് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കോളജ് മാനേജ്മെന്‍റ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കോളജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും കോളജ് ഷൈജുവിനെതിരെ നടപടിയെടുക്കുക