തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മുന്‍ പ്രിൻസിപ്പാള്‍ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്എഫ്ഐ നേതാവ് ആൾമാറാട്ടം നടത്തിയെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ലെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റേതാണ് ഇടക്കാല ഉത്തരവ്.
കോളജ് പ്രിൻസിപ്പാള്‍ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് വിഷയത്തിൽ പ്രതിയുടെ വാദം. വ്യാജ രേഖ ചമച്ചുവെന്ന് പറയുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഇദ്ദേഹം വാദിച്ചു. എന്നാൽ, പ്രതി നടത്തിയത് ഗുരുതര കുറ്റമാണ്. ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണെന്നും സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകി. യൂണിവേഴ്സിറ്റി ചട്ടത്തിലെ നിയമം അനുസരിച്ച് അപേക്ഷ സ്വീകരിക്കേണ്ടത് രജിസ്ട്രാറാണ്. ഇവിടെ ഇത്തരം സാഹചര്യം നടന്നിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒന്നാം പ്രതിയും കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പാളുമായ ജി.ജെ ഷൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി:കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയുമായ വിശാഖിനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയം ഗൗരവകരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു.
ALSO READ |കാട്ടാക്കട ആൾമാറാട്ട കേസ്: എസ്എഫ്ഐ നേതാവ് വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി