തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവർത്തകർ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ വി. ജോയിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ജൂണ്‍ 24ന് എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച ശേഷം 3.54 ഓടെ ഓഫീസില്‍ അതിക്രമിച്ചു കടന്നവരെയെല്ലാം പുറത്താക്കി. അതിനു ശേഷം 4.04 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തു തന്നെ ഉണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടി.വി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരല്ലെന്ന് മുഖ്യമന്ത്രി എസ്.എഫ്.ഐക്കാരെ പുറത്താക്കിയ ശേഷം കോണ്‍ഗ്രസുകാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29ന് രണ്ടാമത് ഫോട്ടോയെടുക്കുമ്പോള്‍ എം.പിയുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ചില്ലുകള്‍ തകര്‍ന്ന് താഴെ കിടക്കുന്ന നിലയില്‍ കണ്ടുവെന്ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ സി.പി.എം, ഗാന്ധി ചിത്രം തകര്‍ത്ത സംഭവം കോണ്‍ഗ്രസിന് മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.