തിരുവനന്തപുരം : സംസ്‌കൃത കോളജിന് മുന്നില്‍ ഗവർണർക്കെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ. ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും തമ്മിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ബാനർ യുദ്ധം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തും പ്രതിഷേധം കടുപ്പിക്കുന്നത്. ഇന്ന് രാത്രി ഗവർണർ തലസ്ഥാനത്ത് എത്താനിരിക്കെയാണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചിരിക്കുന്നത് (Banner Against Governor Arif Mohammed Khan).
'മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം സംഘ്പരിവാറിനോടാവരുത്' എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗവർണർക്കെതിരെ സ്ഥാപിച്ച മൂന്ന് ബാനറുകൾ അഴിച്ചുമാറ്റാൻ ഗവർണർ ആവശ്യപ്പെടുകയും പൊലീസ് അഴിച്ചുമാറ്റുകയും ചെയ്തു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ സ്ഥാപിക്കുകയും ഗവർണർക്ക് അഭിവാദ്യം അർപ്പിച്ച ബാനറുകൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു (SFI Intensified Protest Against Governor).