തിരുവനന്തപുരം:രാഷ്ട്രപതി ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിന് വിള്ളലുണ്ടാക്കുന്നതാണ്, വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സി.പി.എം വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ അടിച്ചു തകര്‍ത്ത സംഭവം. ദേശിയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യ നിരയിലെ പ്രധാന സഖ്യമായ ഇടതു പാര്‍ട്ടികളുടെ പ്രമുഖ ശക്തിയായ സി.പി.എം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മുഖ്യ ശത്രുവായ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ച സംഭവം ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധവുമായി.
സി.പി.എം കൂടുതൽ പ്രതിരോധത്തിൽ: 52 ദിവസം നീണ്ട എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ശേഷവും തലയുയര്‍ത്തി നിന്ന രാഹുല്‍ ഗാന്ധിയെ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതീകമായി ദേശിയ തലത്തില്‍ സി.പി.എം കൂടി അംഗീകരിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ രാഹുലിന്‍റെ ഓഫിസ് അടിച്ചു തകര്‍ത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദുബായ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കെ അതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് വീണുകിട്ടിയ ആയുധമായിരുന്നു വിമാനത്തില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്ന ആരോപണം.
READ MORE:കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം
ഈ സംഭവത്തിനു പിന്നാലെ കേരളത്തില്‍ വ്യാപകമായി രംഗത്തിറങ്ങിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.പി.സി.സി ആസ്ഥാനം ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു എന്നു മാത്രമല്ല, സംസ്ഥാനത്തെ നൂറിലേറെ ചെറുതും വലുതുമായ കോണ്‍ഗ്രസ് ഓഫിസുകളും ആക്രമിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നത്.