തിരുവനന്തപുരം :സ്വകാര്യ ബസുകളിലെ വിദ്യാർഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അഭിപ്രായം അപക്വമെന്ന് എസ്.എഫ്.ഐ. വിദ്യാർഥികളുടെ അവകാശമാണ് കൺസെഷൻ. അതാരുടെയും ഔദാര്യമല്ലെന്നും മന്ത്രി അഭിപ്രായം തിരുത്താൻ തയ്യാറാകണമെന്നും എസ്.എഫ്.ഐ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
Also Read: ബസുടമകളുടെ ആവശ്യം ന്യായം; ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗത മന്ത്രി
നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ പരാമര്‍ശം. മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാർഹമാണെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിദ്യാര്‍ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം വരുത്തുമെന്നും സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷ്, സെക്രട്ടറി സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൺസെഷൻ 2 രൂപയിൽ നിന്നും 5 രൂപ വരെയാകുമെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു.