തിരുവനന്തപുരം:ജില്ലയിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. പാറശാല സ്വദേശിയായ 55കാരനാണ് ഉറവിടമില്ലാതെ രോഗബാധ ഉണ്ടായിരിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗബാധിതർ കൂടുതലുള്ള പൂന്തുറയിൽ ഇന്ന് രണ്ട് പേർക്ക് കൂടി രോഗബാധ ഉണ്ടായി. പൂന്തുറ കുമരിചന്ത മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന മുപ്പത്തി മൂന്നുകാരനായ ചുമട്ടുതൊഴിലാളിക്കും പൂന്തുറയിലെ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശിയായ 22 കാരനും രോഗം ബാധിച്ചു. പാറശ്ശാലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച യുവതിയുടെ രണ്ടു വയസുകാരൻ മകനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - തിരുവനന്തപുരം വാർത്ത
നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
മൂന്നുപേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നെത്തിയ വക്കം സ്വദേശിക്കും യുഎഇയിൽ നിന്ന് എത്തിയ മരിയനാട് സ്വദേശിക്കും സൗദിയിൽ നിന്ന് എത്തിയ കരമന സ്വദേശിക്കുമാണ് വിദേശത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗബാധ കൂടുതലുള്ള പൂന്തുറയിൽ ആന്‍റി ബോഡി ടെസ്റ്റുകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്‍റെ ഫലം വരും ദിവസങ്ങളിൽ പുറത്തു വരും. ഇതുകൂടി പുറത്തുവന്നാൽ മാത്രമേ തലസ്ഥാനത്തെ ആശങ്ക ഒഴിയൂ. നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്‍റെ ജാഗ്രതയിലാണ് തലസ്ഥാന നഗരം.