തിരുവനന്തപുരം : യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സംസ്ഥാനത്തെ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വന്തക്കാരെ കുത്തി നിറയ്ക്കാനുള്ള ഇടങ്ങളാക്കി സിപിഎമ്മും പിണറായി സര്‍ക്കാരും മാറ്റുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന വിധിയാണ് കണ്ണൂര്‍ സര്‍വകലാശാലാ വിസി നിയമനത്തില്‍ ഇന്നുവന്ന സുപ്രീം കോടതി വിധി. നവകേരള സദസ് മഹാവിജയമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി സര്‍ക്കാരിന് കനത്ത പ്രഹരമാണ് (Setback for Kerala Govt after SC Quashing Reappoinment Of Kannur VC).
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് (Priya Varghese Appoinment) കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം നല്‍കാന്‍ തീരുമാനിക്കുന്നിടത്ത് നിന്നുതന്നെ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വിവാദ നായകനായി മാറിയിരുന്നു. വൈസ് ചാന്‍സലറുടെ അനാവശ്യമായ ഇടപെടലിലൂടെയാണ് യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ഇന്‍റര്‍വ്യൂവില്‍ മാര്‍ക്ക് ഉയര്‍ത്തി നല്‍കിയും സിപിഎം നേതാവിന്‍റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ സര്‍വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ സ്ഥാനത്തേക്ക് പിന്‍വാതിലിലൂടെ കൊണ്ടുവന്നത് എന്ന ആരോപണം ഉയര്‍ന്നു. ഈ തീരുമാനം നിയമനടപടികളിലൂടെ ഹൈക്കോടതി കടന്ന് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രിയ വര്‍ഗീസിന്‍റെ നിയമനം സംബന്ധിച്ച തീരുമാനമുണ്ടായി അധികം വൈകാതെയാണ് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുകയും വൈസ് ചാന്‍സലറാകാനുള്ള 60 വയസ് പ്രായ പരിധി കഴിയുകയും ചെയ്‌ത ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യം കണക്കിലെടുത്ത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇതുസംബന്ധിച്ച സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ പൊടുന്നനെ രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചു.
Also Read:പുനര്‍നിയമനം ആവശ്യപ്പെട്ടിട്ടില്ല, അത് സര്‍ക്കാര്‍ തീരുമാനം ; കോടതി വിധി മാനിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍
ഇവിടെ നിന്നാണ് ഇന്ന് സുപ്രീം കോടതി വിമര്‍ശിച്ച തരത്തിലുള്ള ബാഹ്യ സമ്മര്‍ദ്ദത്തിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങുന്ന സാഹചര്യമുണ്ടായത്. 2021 നവംബര്‍ 23 ന് കാലാവധി കഴിയുന്ന സാഹചര്യത്തില്‍ നവംബര്‍ 24 ന് പുനര്‍നിയമനം നല്‍കണമെന്നും, സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രോ ചാന്‍സലറുമായ ഡോ. ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അന്ന് വെളിപ്പെടുത്താന്‍ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല.
അതേസമയം പുനര്‍നിയമനം പൂര്‍ണമായും യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യുജിസി മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഒത്തുകളി ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടും ഗവര്‍ണര്‍ ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ പിന്നാലെ മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി സര്‍ക്കാര്‍ വീണ്ടും ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങുകയും, ബന്ധം വഷളാവുകയും ചെയ്‌തതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രംഗത്തുവരുന്നത്.
സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് താന്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കിയതെന്നും, മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപിച്ച് അന്ന് ഗവര്‍ണര്‍ രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഗവര്‍ണര്‍ അന്ന് പുറത്തുവിട്ടു. പിന്നാലെ സര്‍ക്കാരിന്‍റെ ഇഷ്‌ടക്കാരെ വിസിമാരാക്കാനുള്ള നീക്കത്തിനെതിരെ ഗവര്‍ണര്‍ ശക്തമായി രംഗത്തെത്തി.
Also Read:'തെറ്റാണെന്നറിഞ്ഞുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ വഴങ്ങേണ്ടി വന്നു' ; കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഇതോടെ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബിൽ നിയമസഭയില്‍ പാസാക്കി സര്‍ക്കാര്‍ തിരിച്ചടിച്ചു. ഇതിനിടെ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ ബെഞ്ച് ശരിവച്ചു. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബഞ്ച് നിയമനം റദ്ദാക്കിയത്. ഇവിടെ സര്‍ക്കാരിന് തിരിച്ചടിയേറ്റതിനൊപ്പം തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള ഗവര്‍ണറുടെ നടപടികളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതും ശ്രദ്ധേയമാണ്.
എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് തനിക്കേറ്റ തിരിച്ചടികളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള അവസരമായി ഗവര്‍ണര്‍ തന്ത്രപൂര്‍വം മാറ്റുകയായിരുന്നു. തന്‍റെ കര്‍ത്തവ്യം സ്വതന്ത്രമായി നിറവേറ്റാനാകാത്ത വിധം മുഖ്യമന്ത്രിയില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായി എന്നായിരുന്നു കോടതി വിധിക്കുപിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗവര്‍ണറുടെ വാദം. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇങ്ങനെയൊരു തീരുമാനം നടപ്പാക്കാതിരിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് കടുത്ത സമ്മര്‍ദ്ദത്തിന് താന്‍ വിധേയനായി എന്ന തികച്ചും യുക്തിരഹിതമായ മറുപടിയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
ഇവിടെയാണ് സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിച്ചു എന്ന പ്രതിപക്ഷ ആരോപണം പ്രസക്തമാകുന്നത്. സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചട്ടങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സിപിഎമ്മിന്‍റെ സ്വന്തക്കാരെ കുത്തി നിറയ്ക്കാനുള്ള ഇടമാക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ഒരിക്കല്‍ കൂടി ശരിവയ്ക്കുന്നതാണ് സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.
Also Read:മന്ത്രി ആര്‍ ബിന്ദു ഇന്നുതന്നെ രാജിവയ്‌ക്കണം,നടന്നത് ഗവര്‍ണറുടെയും ഗവണ്‍മെന്‍റിന്‍റെയും ഗൂഢാലോചന : വിഡി സതീശന്‍
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമമെങ്കില്‍ അടിക്കടി തിരിച്ചടിയേല്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. പുറത്താക്കപ്പെട്ട വൈസ് ചാന്‍സലര്‍ക്ക് പകരം സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം നടപ്പാക്കുമ്പോള്‍ അടുത്ത ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് ഇത് ഇടയാക്കിയേക്കാമെന്ന് കരുതുന്നവരും കുറവല്ല. ഇന്നത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, പുറത്താക്കപ്പെട്ട വൈസ് ചാന്‍സലര്‍ പ്രിയ വര്‍ഗീസിന് നല്‍കിയ വിവാദ നിയമനത്തിന്‍റെ കാര്യത്തിലും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയേല്‍ക്കുമോ എന്ന ഭയപ്പാട് സര്‍ക്കാരിനുണ്ടെന്നാണ് സൂചന.