തിരുവനന്തപുരം:ഇപി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണണങ്ങള്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇ.പി ജയരാജന്‍, മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, സുനീഷ്.വി.എം എന്നിവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ ഉത്തരവിട്ടത്.
ഹര്‍ജിയിലെ പ്രസക്ത ഭാഗം:ഹര്‍ജിക്കാരായ ഫര്‍സീനും നവീന്‍കുമാറും വിമാനത്തിന്‍റെ മുന്‍ സീറ്റിലും ഇ.പി.ജയരാജന്‍ മുഖ്യമന്ത്രിക്കൊപ്പം ഏറ്റവും പുറകിലത്തെ സീറ്റിലുമായിരുന്നു യാത്ര. യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി ഇ.പി.ജയരാജന്‍ ഉറക്കെ അഭിപ്രായ പ്രകടനം നടത്തി പരിഹസിച്ചു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് സീറ്റ് ബെല്‍റ്റ് നീക്കാനുള്ള ലൈറ്റ് തെളിഞ്ഞ ശേഷം വിമാനത്തിന്‍റെ വാതിലുകള്‍ തുറന്നു.
മുഖ്യമന്ത്രി ഇറങ്ങാനായി എഴുന്നേറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ്, പ്രതിഷേധം പ്രതിഷേധം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി സീറ്റില്‍ എഴുന്നേറ്റു നിന്നു. ഇത് കണ്ടയുടന്‍ ഇ.പി.ജയരാജന്‍ ഒരു പ്രകോപനവുമില്ലാതെ 'സി.എമ്മിന്‍റെ മുന്നില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ' എന്നാക്രോശിച്ചു കൊണ്ട് മുന്നിലേക്ക് ഓടി വന്ന് നവീന്‍ കുമാറിന്‍റെ മുഖവും മൂക്കും ചേര്‍ത്ത് കൈ ചുരുട്ടി ഇടിച്ച് ഇരുവരെയും തള്ളി നിലത്തിട്ടു.