തിരുവനന്തപുരം: ലോക്ക്ഡൗണിൽ മുടങ്ങിയ സീരിയൽ ചിത്രീകരണം ഇനി വാക്‌സിനേഷന് ശേഷമേ പുനരാരംഭിക്കൂവെന്ന് നിർമാതാക്കൾ. നിയന്ത്രണങ്ങൾ നീക്കിയ ശേഷം അനുമതി ലഭിച്ചാലും സെറ്റുമായി ബന്ധപ്പെടുന്ന എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടി വരുമെന്ന് നിർമാതാവ് എം. രഞ്ജിത്ത് ഇ ടി വി ഭാരതിനോട് പറഞ്ഞു.
എല്ലാ നിയമങ്ങളും അനുസരിക്കാൻ സീരിയൽ രംഗത്തുള്ളവർ തയാറാണ്. വാക്‌സിൻ്റെ ലഭ്യതയാണ് പ്രശ്നം. പണം കൊടുത്ത് വാങ്ങാൻ മടിയില്ല. ബാലതാരങ്ങൾ അടക്കം പ്രവർത്തിക്കുന്ന മേഖലയായതിനാൽ വാക്‌സിൻ ഒഴിവാക്കാനാവില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞു.
ചിത്രീകരണം മുടങ്ങിയതോടെ സീരിയൽ താരങ്ങളും സംവിധായകരുമൊക്കെ വീട്ടിലിരിക്കേണ്ട അവസ്ഥയാണ്. ദിവസ വേതനവും തുച്ഛമായ വേതനവും ഒക്കെ വാങ്ങുന്ന സാധാരണ സാങ്കേതിക പ്രവർത്തകരിൽ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.